റോഡ് നിര്‍മാണത്തിനായി പൊളിച്ചുമാറ്റിയ വീടിന്റെ കല്‍ക്കെട്ടും ഗേറ്റും നിര്‍മിക്കാതെ കരാറുകാരന് മുങ്ങി
1424355
Thursday, May 23, 2024 3:53 AM IST
നെടുങ്കണ്ടം: റോഡ് നിര്‍മാണത്തിനായി പൊളിച്ചുമാറ്റിയ വിധവയുടെ വീടിന്റെ കല്‍ക്കെട്ടും ഗേറ്റും പുനര്‍ നിര്‍മിക്കാതെ കരാറുകാരന് മുങ്ങി. കനത്ത മഴയില്‍ വീട് അപകടാവസ്ഥയിലായതോടെ വീട്ടുകാര്‍ വാടകവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.
എഴുകുംവയല്‍-തൂവല്‍ റോഡിന്റെ നിര്‍മാണത്തിനായി ഏഴു മാസം മുമ്പാണ് എഴുകുംവയല്‍ ഈറ്റോലിക്കല് ജെയ്മോളുടെ വീടിന്റെ മുന്‍വശത്തെ കല്‍ക്കെട്ടും ഗേറ്റും കരാറുകാരന് പൊളിച്ചുനീക്കിയത്. ടാറിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഇവ പുനഃസ്ഥാപിച്ച് നല്‍കാമെന്ന് കരാറുകാരൻ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഇവ നിര്‍മിച്ചുനല്‍കിയിട്ടില്ല. പലതവണ കരാറുകാരനെ നേരിട്ടുകണ്ട് ആവശ്യപ്പെടുകയും പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
ഗേറ്റ് സഹിതം പൊളിച്ചുമാറ്റിയതോടെ വീട്ടിലേക്ക് കയറാനോ ഇറങ്ങാനോ ഈ കുടുംബത്തിന് ആകുന്നില്ല. കല്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയതോടെ മണ്ണിടിച്ചിലും ആരംഭിച്ചു. ഇതോടെയാണ് വീട്ടമ്മയും നാല് മക്കളും വാടകവീട്ടിലേക്ക് മാറിയത്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്നും പരാതി ഉണ്ട്.
വീടിന്റെ സംരക്ഷണഭിത്തിയും ഗേറ്റും അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് എഴുകുംവയല്‍ ടൗണ്‍ കമ്മിറ്റി ഭാരവാഹികളായ അരുണ്‍ പുന്നാമഠം, ജെയ്സ് മടിക്കാങ്കല്‍, അനീഷ് കുന്നത്തൂര്‍, ജിന്‍സ് കണ്ണംപ്ലാക്കല്‍ എന്നിവര്‍ പറഞ്ഞു.