നാട്ടുകാർ ആക്രമിച്ചെന്ന് ആരോപിച്ച് എസ്ഐ ആശുപത്രിയിൽ; വഴിപോക്കർക്കെതിരേ കേസ്
1424362
Thursday, May 23, 2024 3:57 AM IST
കട്ടപ്പന: ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു പോയ യുവാവിനെ അകാരണമായി മർദിക്കുകയും പിടികൂടി പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്ത തങ്കമണി പോലീസ് സ്റ്റേഷനിലെ എസ്ഐ ഐൻ ബാബുവിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിസിസി സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കുപോകാൻ ഇരട്ടയാർ ഇടിഞ്ഞമലയിൽ ബസിറങ്ങി സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന ഹരിപ്രസാദിനോട് അതുവഴി വന്ന എസ്ഐ മോശമായി പെരുമാറുകയും മർദിക്കുകയുമായിരുന്നെന്ന്് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ ഇരട്ടയാർ പഞ്ചായത്ത് അംഗം റെജി ഇലുപ്പുലിക്കാട്ടിനെയും ആക്രമിച്ചു. റെജി കട്ടപ്പന ഡിവൈഎസ്പിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് ഡിവൈഎസ്പി, എസ്ഐയെ ഫോണിൽ വിളിച്ചെങ്കിലും എസ്ഐ ഫോണ് എടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് എസ്ഐക്ക് ഒപ്പമുണ്ടായിരുന്ന പോലീസുകാരനെ ഡിവൈഎസ്പി വിളിച്ച് ഫോണ് എസ്ഐക്കു നൽകി സംസാരിച്ചതിനുശേഷം എസ്ഐയും പോലീസുകാരും സ്ഥലത്തുനിന്ന് പോകുകയായിരുന്നു.
സംഭവത്തിനു ശേഷം നാട്ടുകാർ മർദിച്ചെന്നാരോപിച്ച് എസ്ഐ ആശുപത്രിയിൽ അഡ്മിറ്റായി ഹരിക്കും റെജിക്കും കണ്ടാലറിയാവുന്ന നാട്ടുകാർക്കുമെതിരേ ജാമ്യമില്ലാ വകുപ്പു ചേർത്ത് കേസെടുത്തിരിക്കുകയാണ്.
എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, കോണ്ഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ജോസ് തച്ചാപറന്പിൽ, ആനന്ദ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.