മുട്ടത്ത് മഴക്കാല ശുചീകരണ യജ്ഞത്തിനു തുടക്കം
1424557
Friday, May 24, 2024 3:42 AM IST
മുട്ടം: മഴക്കാല പകർച്ച വ്യാധികൾ തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി മുട്ടം ടൗണ്‍, ടാക്സി സ്റ്റാൻഡ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ശുചീകരണവും ക്ലോറിനേഷനും നടത്തി.
ആരോഗ്യ വകുപ്പ്, മർച്ചന്റ്സ് അസോസിയേഷൻ, സഹകരണ ബാങ്കുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, വിവിധ വകുപ്പ് ജീവനക്കാർ, വിദ്യാർഥികൾ, വിവിധ സംഘടന പ്രവർത്തകർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് കടുത്തലകുന്നേൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വിജു സി. ശങ്കർ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സാം ക്രിസ്റ്റി ദാനിയേൽ, സിബി ജോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ച് ഉറവിട മാലിന്യ നിർമാർജനം, ഫോഗിംഗ്, ഓടകൾ വൃത്തിയാക്കൽ, കോളനി പ്രദേശങ്ങളിലും ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിലും പ്രത്യേകമായ ശുചീകരണ കാന്പയിനുകൾ എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.