ചക്കക്കൊമ്പൻ ജനവാസ മേഖലകളിൽ
1424752
Saturday, May 25, 2024 3:48 AM IST
രാജകുമാരി: ചക്കക്കൊമ്പൻ എന്ന കാട്ടാന ജനവാസ മേഖലകളിൽ സ്ഥിരമായി എത്തുന്നു. ആനയിറങ്ങൽ, ചിന്നക്കനാൽ, തോണ്ടിമല എന്നീ ജനവാസ മേഖലകളിലേക്കാണ് കൂടുതലായി എത്തുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ പെരിയകനാലിനു സമീപമുള്ള പ്രദേശത്ത് റോഡിൽ എത്തിയ ചക്കക്കൊമ്പൻ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
ഇന്നലെ ആനയിറങ്ങൽ ഡാമിനരികിലാണ് കാട്ടാന എത്തിയത്. മണിക്കൂറുകൾക്കു
ശേഷമാണ് ഇവിടെനിന്ന് കാട്ടാന വനമേഖലയിലേക്ക് കടന്നത്. ഡാം കാണാനെത്തിയ സഞ്ചാരികൾക്ക് കാട്ടാനയെ കൺകുളിർക്കെ കാണുവാൻ സാധിച്ചു.
മാസങ്ങൾക്ക് മുൻപ് തോണ്ടിമലയ്ക്ക് സമീപം ദേശീയപാതയിൽ ഇറങ്ങിയ ചക്കക്കൊമ്പനെ റോഡിലൂടെ എത്തിയ ഒരു കാർ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. ആനയ്ക്ക് പരിക്കൊന്നും ഏറ്റിരുന്നില്ല. എന്നാൽ, കാർ ഡ്രൈവർക്ക് പരിക്ക് പറ്റുകയും ഇദ്ദേഹം മാസങ്ങളോളം ചികിത്സ നടത്തുകയും ചെയ്തിരുന്നു.
അതിനു ശേഷം ജനവാസ മേഖലകളിലേക്ക് ചക്കക്കൊമ്പൻ എത്തുന്നത് കുറവായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി ജനവാസ മേഖലകളിലൂടെയാണ് ചക്കക്കൊമ്പന്റെ കറക്കം. ഇതുവരെയും മറ്റ് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
കാട്ടാനകളെ നിരീക്ഷിക്കാനായി ഈ മേഖലയിലുള്ള ആർആർടി സംഘവും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ചക്കക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്.