വട്ടവടയിലെ തടയണ നിർമാണം: എതിർപ്പുമായി തമിഴ്നാട്
1424757
Saturday, May 25, 2024 3:48 AM IST
തൊടുപുഴ: വട്ടവട പഞ്ചായത്തിലെ ചിലന്തിയാറിൽ കുടിവെള്ള വിതരണത്തിനായി തടയണ നിർമിക്കുന്നതിനെതിരേ തമിഴ്നാട് രംഗത്ത്. അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തടയണനിർമാണം കേരളവും തമിഴ്നാടും തമ്മിലുള്ള തർക്ക വിഷയമായി മാറുകയാണ്.
നിർമാണം അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിട്ടുണ്ട്. തടയണ നിർമിച്ചാൽ അമരാവതി അണക്കെട്ടിലേക്കുള്ള വെള്ളമൊഴുക്കിന് തടസമുണ്ടാകുമെന്നും തിരുപ്പൂർ, കാരൂർ ജില്ലകളിലെ കൃഷിയെ ബാധിക്കുമെന്നുമാണ് തമിഴ്നാടിന്റെ അവകാശവാദം.
നിർമാണം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിനോ കാവേരി വാട്ടർമാനേജ്മെന്റ് കമ്മിറ്റിക്കോ വിവരങ്ങൾ കൈമാറാത്തതിലും മുഖ്യമന്ത്രിക്ക് തമിഴ്നാട് നൽകിയ കത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ചിലന്തിയാറിൽ തടയണ നിർമിച്ച സംഭവത്തിൽ വട്ടവട പഞ്ചായത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ നേരത്തേ കേസെടുത്തിരുന്നു. എന്നാൽ ഇപ്പോഴുണ്ടായിട്ടുള്ള വിവാദത്തിൽ കഴന്പില്ലെന്നും പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇടുക്കി ജില്ലാകളക്ടർ ഷീബ ജോർജ് പറഞ്ഞു.
കൂടല്ലാർകുടി, വട്ടവട സൗത്ത്, വട്ടവടനോർത്ത്, പഴത്തോട്ടം, ചിലന്തിയാർ, സ്വാമിയാർക്കുടി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജല അഥോറിട്ടി ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി തടയണ നിർമിക്കുന്നത്. പ്രദേശത്തെ ഏക വറ്റാത്ത ഉറവിടം ചിലന്തിയാറാണ്. അതിനാലാണ് അവിടെ ഒരു മീറ്റർ ഉയരമുള്ള തടയണ നിർമിച്ച് കറുപ്പ് സ്വാമി അന്പലത്തിനു സമീപം സ്ഥാപിക്കുന്ന ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പന്പു ചെയ്ത് എത്തിക്കാൻ ശ്രമിക്കുന്നത്.
അവിടെ നിന്ന് വട്ടവട പഞ്ചായത്തിലെ 617 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിലും തുടർന്ന് വട്ടവട പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നതിനുമാണ് ശ്രമം. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരികയാണ്. പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വട്ടവട പഞ്ചായത്ത് സമുദ്ര നിരപ്പിൽനിന്നും 2,500 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയുന്ന പ്രദേശമാണ്.
വറ്റാത്ത നദിയോ പുഴയോ പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നദിക്കു കുറുകേ അണക്കെട്ട് നിർമിക്കുന്നുവെന്ന വാദം തെറ്റാണ്. ഒരു മീറ്റർ ഉയരവും 45 മീറ്റർ നീളവുമുള്ള തടയണ മാത്രമാണ് ഇവിടെ നിർമിക്കുന്നത്.
വട്ടവട പഞ്ചായത്തിലെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സാങ്കേതിക സമിതിയും ദേശീയ മിഷനും അംഗീകാരം നൽകിയത്.
പ്രോജക്ടിലെ ജോലികൾ ടെൻഡർ ചെയ്യുകയും ഇതിൽ ഏതാനും ജോലികൾ നടന്നുവരികയുമാണ്.നിർമാണം നടത്താൻ സാധിക്കാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. അത്തരം സാഹചര്യമുണ്ടായൽ പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനാകാത്ത സ്ഥിതിയുണ്ടാകും. അതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.