ഇരുപതേക്കർ പാലം നിർമാണം: എൽഡിഎഫ് ആരോപണം തള്ളി നഗരസഭ
1425267
Monday, May 27, 2024 2:12 AM IST
കട്ടപ്പന: കട്ടപ്പന ഇരുപതേക്കർ പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾ തള്ളി കട്ടപ്പന നഗരസഭ. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബത്തിന് സ്ഥലം നൽകുവാൻ തയാറാണെന്ന് അറിയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതാണ് തടസത്തിന് കാരണമെന്ന് ഭരണസമിതി പറഞ്ഞു.
മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി രണ്ടാം റീച്ചിലാണ് ഇരുപതേക്കർ പാലം നിർമാണം നടത്തുവാൻ ഉദേശിച്ചിരുന്നത്.
ഇതിനായി 3.5 കോടി രൂപ വകയിരുത്തിയിരുന്നു.എന്നാൽ, പാലം നിർമാണം ആരംഭിക്കണമെങ്കിൽ സമീപത്തുള്ള ഒരു കുടുംബത്തിനെ മാറ്റിപ്പാർപ്പിക്കണം. ഇവരെ പുനരധിവസിപ്പിക്കാൻ നഗരസഭ സ്ഥലം നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള സാങ്കേതിക അനുമതി സർക്കാരിൽനിന്ന് ലഭിക്കാതെ വന്നതോടെ പാലം നിർമാണം വൈകുകയായിരുന്നു.
മലയോര ഹൈവേ നിർമാണത്തിന്റെ രണ്ടാം റീച്ചിലാണ് പാലം നിർമാണം ടെണ്ടർ ചെയ്തിരുന്നത്. ഈ മാസം ടെൻഡർ കാലാവധി അവസാനിക്കും.
നഗരസഭ സമയബന്ധിതമായി കുടുംബത്തെ മാറ്റി പാർപ്പിക്കാത്താത് കൊണ്ടാണ് പാലം നിർമാണം തടസപ്പെട്ടത് എന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. കുടുംബത്തിന് സ്ഥലം വിട്ടുകൊടുക്കുവാനുള്ള എല്ലാ രേഖകളും സർക്കാരിന് നൽകിയതാണ്.സാങ്കേതിക അനുമതി നൽകേണ്ടത് സർക്കാരാണ്.
അതു ലഭിച്ചെങ്കിൽ മാത്രമേ സ്ഥലം രേഖാമൂലം നൽകുവാൻ കഴിയുകയുള്ളു. ഇതു മറച്ചുവച്ച് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് എൽഡിഎഫ് നടത്തുന്നതെന്നും നഗരസഭ ഭരണ സമിതി ആരോപിച്ചു.