പാറപ്പുഴ പള്ളിയിലെ മോഷണം: പ്രതി റിമാൻഡിൽ
1429174
Friday, June 14, 2024 3:29 AM IST
വണ്ണപ്പുറം: പാറപ്പുഴ സെന്റ് ജോസഫ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തലക്കോട് പുത്തൻപുരയ്ക്കൽ പ്രവീണി(24)നെയാണ് കാളിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ മാസം 18നാണ് പാറപ്പുഴ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയത്.
കാളിയാർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ സമാന കേസിൽ ഇയാൾ പോത്താനിക്കാട് പോലീസിന്റെ പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പാറപ്പുഴ പള്ളിയിലും മോഷണം നടത്തിയ കാര്യം ഇയാൾ സമ്മതിച്ചത്.
പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ഇയാൾ റിമാൻഡിലായിരുന്നു. കാളിയാർ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.