സർക്കാർ വീടുകൾ വിൽക്കാനൊരുങ്ങി സ്വകാര്യ വ്യക്തികൾ
1429180
Friday, June 14, 2024 3:43 AM IST
ചെറുതോണി: പ്രളയത്തിന്റെയും ലൈഫ് പദ്ധതിയുടെയും പേരിൽ സർക്കാരിൽനിന്നു ലഭിച്ച വീടുകൾ വലിയ തുകയ്ക്ക് മറിച്ചുവിൽക്കുന്നതായി പരാതി. സർക്കാരിൽനിന്നു ലഭിച്ച വീടുകളിൽ പലതിലും ആൾത്താമസമില്ല.
പ്രളയക്കെടുതിയിൽ ലഭിച്ച വീട് 20 ലക്ഷത്തിനാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. 2018 - ലെ പ്രളയത്തിൽ വീട് നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തവർക്കും പ്രളയ സാധ്യത നിലനിൽക്കുന്ന മേഖലകളിൽ താമസിക്കുന്നവർക്കുമാണ് സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങി വീടുവച്ച് നൽകിയത്.
കൂടാതെ ലൈഫ് ഭവന പദ്ധതിയിൽ ഭൂരഹിതരും ഭവനരഹിതരുമായവർക്കും വീട് നിർമിച്ച് നൽകി. എന്നാൽ ഇതിൽ പല വീടുകളും താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഒരേക്കർവരെ പട്ടയ സ്ഥലവും വീടും ഉള്ളവരും സർക്കാർ വക സ്ഥലവും വീടും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരാണ് ഇരട്ടി ലാഭത്തിന് വീട് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ വീടും കൃഷിയിടവും വളർത്തുമൃഗങ്ങളും ഒക്കെ നഷ്ടമായ അനേകരാണുള്ളത്.ഇവരിൽ ബഹുഭൂരി പക്ഷം പേരെയും സർക്കാർ പുനരധിവസിപ്പിച്ചു കഴിഞ്ഞു. എന്നാൽ, അനർഹരും ലിസ്റ്റിൽ കടന്നുകൂടിയിരുന്നു.
സർക്കാരിൽനിന്ന് ആറുലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും നാലു ലക്ഷം രൂപ വീട് നിർമിക്കുന്നതിനും ഒപ്പം നൂറു തൊഴിൽദിനങ്ങളും കൈപ്പറ്റിയാണ് വീടുനിർമാണം പൂർത്തിയാക്കിയത്. ഒരിക്കൽപ്പോലും ഇവിടെ താമസിക്കാതെ 20 ലക്ഷം രൂപയ്ക്ക് വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നവരാണ് ഇവരിൽ ചിലർ.