പരിശോധന കർശനമാക്കിയിട്ടും മൂന്നാറിൽ വാഹനവുമായി അഭ്യാസപ്രകടനം
1430763
Saturday, June 22, 2024 3:22 AM IST
മൂന്നാർ: വാഹനങ്ങളിൽ നിന്ന് ശരീരം പുറത്തിട്ട്അഭ്യാസ പ്രകടനം നടത്തിയതിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങൾക്കെതിരെ കർശന നടപടി എടുത്ത സാഹചര്യത്തിലും വീണ്ടും നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് കാറിൽ യാത്ര ചെയ്ത യുവാക്കളുടെ അഭ്യാസ പ്രകടനം.
നിയമ ലംഘനം പതിവായതോടെ ലോക്കാട് ഗ്യാപ്പിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയതോടെ ഇത്തവണ മാട്ടുപ്പെട്ടി റോഡിലായിരുന്നു അപകടം ക്ഷണിച്ചു വരുത്തുന്ന യാത്ര. പിൻസീറ്റിലിരുന്ന യുവാക്കൾ തലയും ഉടലും വിൻഡോ വഴി പുറത്തിട്ടായിരുന്നു യാത്ര. ചെറിയ തോതിൽ മഴയും ഉണ്ടായിരുന്ന സമയത്താണ് യുവാക്കൾ അഭ്യാസത്തിന് മുതിർന്നത്.
കർണാടക രജിസ്ട്രേഷൻ വാഹനമാണിത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ വാഹനത്തിനും ഡ്രൈവറിനും എതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വാഹന വകുപ്പ്. സമാനമായ രീതിയിൽ ലോക്കാട് ഗ്യാപ്പിൽ സഞ്ചരിച്ച വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരേ കടുത്ത നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.