തടവറയ്ക്കുള്ളിലെ അക്ഷരവെളിച്ചം
1430764
Saturday, June 22, 2024 3:22 AM IST
നെടുങ്കണ്ടം: വായനാ വാരാചരണത്തോടനുബന്ധിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെയും ജയില്‍ മിനിസ്ട്രി ഓഫ് ഇന്ത്യാ ഇടുക്കി രൂപത ജീസസ് ഫ്രട്ടേണിറ്റിയുടെയും സഹകരണത്തോടെ ദേവികുളം സബ് ജയിലില്‍ വായനശാല സ്ഥാപിച്ചു.
തടവുകാര്‍ക്ക് പുതിയ വായനാനുഭവം പ്രദാനം ചെയ്തുകൊണ്ട് തടവറയിലെ ഇടുങ്ങിയ ജീവിതത്തില്‍നിന്ന് വായനയുടെ തുറന്ന ലോകത്തിലേക്ക് തടവുകാരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സബ് ജയിലില്‍ വായനശാല സ്ഥാപിച്ചത്.
ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്നും സമാഹരിച്ച 5000 ത്തിലധികം രൂപയുടെ പുസ്തകങ്ങളാണ് വായനശാലയിലേക്ക് നല്‍കിയത്. സബ് ജയില്‍ അങ്കണത്തില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ജോയി കെ. ജോസ് ജയില്‍ സൂപ്രണ്ട് എസ്. ഉദയകുമാറിന് പുസ്തകം കൈമാറി ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജീസസ് ഫ്രട്ടേണിറ്റി രൂപത ഡയറക്ടര്‍ ഫാ. ജോയിസ് കൊച്ചിത്തറ, അധ്യാപകരായ മനോജ് തോമസ്, സിനി ജോസ്, അനില്‍ ജോസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് തടവുകാര്‍ക്കുവേണ്ടി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു.