മൂന്നാർ പച്ചക്കറി മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കും
1430892
Sunday, June 23, 2024 3:59 AM IST
മൂന്നാർ: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പതിവ് മാറി, മൂന്നാർ പച്ചക്കറി മാർക്കറ്റ് ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഇംഗ്ലീഷ് കോളനിക്കാലത്ത് ആരംഭിച്ച മാർക്കറ്റ് ബുധനാഴ്ചകളിൽ അടച്ചിടുന്ന പതിവാണ് നിലവിലുള്ളത്.
ഈ പതിവിനാണ് മാറ്റം വരുന്നത്. അവധി ദിവസമായ ഞായറാഴ്ച തൊഴിലാളികൾക്ക് മൂന്നാർ ടൗണിലെത്തി അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യാർഥമാണ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കുകയും പകരം ബുധനാഴ്ചകളിൽ അടച്ചിടുകയും ചെയ്തു വന്നിരുന്നത്.
കെഡിഎച്ച്പി കന്പനിക്കാണ് നിലവിൽ മാർക്കറ്റിന്റെ നടത്തിപ്പു ചുമതലയുള്ളത്. കാലങ്ങളായി കന്പനിയുടെ മേൽനോട്ടത്തിലാണ് മാർക്കറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. ബുധനാഴ്ചകളിൽ അടച്ചിടുന്നത് നാട്ടുകാർക്കും സഞ്ചാരികൾക്കും ബുദ്ധിമുട്ടായതോടെയാണ് മാർക്കറ്റിനുള്ളിലെ വ്യാപാരികൾ ഈ ദിവസവും തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.
നാട്ടുകാരുടെയും വ്യാപാരികളുടെയും നിരന്തരമുള്ള ആവശ്യം പരിഗണിച്ച് കന്പനി അധികൃതർ ബുധനാഴ്ചയും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുകയായിരുന്നു. ബുധനാഴ്ചകളിൽ അടച്ചിടുന്നതോടെ മാർക്കറ്റിനു പുറത്ത് വ്യാപാരികൾ കച്ചവടം നടത്തുന്നത് ഗതാഗത തടസം പോലുള്ള പ്രശ്നങ്ങൾക്കു കാരണമാകുന്നതും പരിഗണിച്ചാണ് നടപടി.