ഭൂമിയാംകുളത്ത് മോഷണപരന്പര; നാലുപവൻ സ്വർണം നഷ്ടപ്പെട്ടു
1437678
Sunday, July 21, 2024 3:10 AM IST
ചെറുതോണി: ഭൂമിയാംകുളത്ത് മോഷണ പരമ്പര. കുന്നപ്പിള്ളിയിൽ ജിൻസിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെയും ഒന്നര പവന്റെയും സ്വർണമാലകൾ അപഹരിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന പകൽസമയത്താണ് മോഷണം നടന്നത്.
കതകിന്റെ പൂട്ടുകുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയുടെ മുകളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാരതുറന്ന് മാല എടുത്ത ശേഷം സ്ഥലം വിടുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്.
ജിൻസിന്റെ പരാതിയിൽ ഇടുക്കിപോലീസെത്തി അന്വേഷണം ആരംഭിച്ചു. ഭൂമിയാംകുളത്ത് ഒരു മാസത്തിനുള്ളിൽ നടക്കുന്ന സമാന രീതിയിലുള്ള മൂന്നാമത്തെ മോഷണമാണിത്. കുമ്പിളിമൂട്ടിൽ ജനി സാബു, പുളിക്കക്കുന്നേൽ മേരി ഏബ്രഹാം എന്നിവരുടെ വീട്ടിൽനിന്നും സ്വർണ മാല മോഷ്ടിക്കപ്പെട്ടിരുന്നു. ഇവരുടെ അലമാരയിൽ സ്വർണമാലയോടൊപ്പം വച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടിരുന്നില്ല. എല്ലായിടത്തും മോഷണം നടന്നിരിക്കുന്നത് പകലാണ്.
മുരിക്കാശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മേലേചിന്നാറിൽ കഴിഞ്ഞ രാത്രി മൂന്നു കടകളിലും മോഷണം നടന്നു. കഴിഞ്ഞ ഏഴിന് ഇടുക്കിയിലുള്ള ഫ്രണ്ട്സ് ബേക്കറിയിൽനിന്ന് 9,500 രൂപയും 2,000 രൂപയുടെ ബേക്കറി സാധനങ്ങളും മോഷണം പോയി. അതിനു മുൻപ് കീരിത്തോട്ടിൽ ഒറ്റരാത്രി അഞ്ചു കടകളിൽ മോഷണ ശ്രമം നടന്നു.