ജനവാസമേഖലയിൽ മാലിന്യംതള്ളൽ വ്യാപകം
1437956
Sunday, July 21, 2024 11:30 PM IST
തൊടുപുഴ: നഗരസഭയിൽ പട്ടയംകവല ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ദുർഗന്ധം വമിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും വ്യാപകമായി തള്ളുന്നതായി പരാതി. പട്ടയം കവല മസ്ജിദിനു പിന്നിലുള്ള പുരയിടത്തിലാണ് മാലിന്യം തള്ളുന്നത്. ചതുപ്പ് പ്രദേശത്ത് മാലിന്യങ്ങൾ വ്യാപകമായി കുമിഞ്ഞു കൂടിയിട്ടുണ്ട്.
രാത്രികാലങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. കഴിഞ്ഞ ദിവസവും രാത്രിയിൽ ഓട്ടോയിൽ എത്തിയ ഏതാനും ആളുകൾ പ്ലാസ്റ്റിക്ക് കവറുകളിൽ നിറച്ച ഹോട്ടൽ മാലിന്യം ഇവിടെ തള്ളിയിരുന്നു. മലിനവസ്തുക്കൾ ചതുപ്പിലെ വെള്ളത്തിൽ കലർന്ന് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും സാധ്യതയുണ്ട്.
മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബോർഡിനു ചുറ്റുമാണ് മാലിന്യങ്ങൾ തള്ളുന്നത്.
നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശത്താണ് മാലിന്യം വൻ തോതിൽ നിക്ഷേപിക്കപ്പെടുന്നത്.
മഴക്കാല സാംക്രമികരോഗങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവയ്ക്കെതിരേ സർക്കാരും നഗരസഭയും ആരോഗ്യ വകുപ്പും ശുചീകരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ സംഘടിപ്പിക്കുന്പോഴാണ് ഇത്തരം നിയമവിരുദ്ധ പ്രവൃത്തി നടക്കുന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലമുടമയ്ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നെന്ന് വാർഡ് കൗണ്സിലർ ഷഹ്ന ജാഫർ പറഞ്ഞു.
കല്ലുകുന്ന് മേഖലയിൽ
മാലിന്യംതള്ളൽ
കട്ടപ്പന: കട്ടപ്പന കല്ലുകുന്ന് മേഖലയിൽ മാലിന്യം തള്ളൽ രൂക്ഷം. കട്ടപ്പന വെള്ളയാംകുടി റൂട്ടിൽനിന്നും കല്ലറക്കൽ ഓഡിറ്റോറിയത്തിന് സമീപത്തുകൂടി കല്ലുകുന്നിനുള്ള റോഡിന് താഴെയാണ് മാലിന്യങ്ങൾ തള്ളുന്നത്. ചാക്കിൽ കെട്ടിയ രീതിയിലാണ് മാലിന്യങ്ങൾ കുന്നുകൂടുന്നത്.
പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
മാലിന്യത്തിൽനിന്ന് ഉപ്പുതറ മാട്ടുത്താവളം സ്വദേശിയുടെ കരം അടച്ച രസീതിന്റെ കോപ്പി ഉൾപ്പെടെ ലഭിച്ചു.
കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. അനുപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.