ഇടുക്കി മെഡി. കോളജ് ആശുപത്രിയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ
1437967
Sunday, July 21, 2024 11:31 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയുടെ സംരക്ഷണഭിത്തി തകർന്നുവീഴാറായ നിലയിൽ. ജില്ലാ ആശുപത്രിയുടെ ഭാഗമായി നിർമിച്ച പഴയ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയാണ് തകരാറായിരിക്കുന്നത്. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപം.
25 അടിയോളം ഉയരമുള്ള കരിങ്കൽ ഭിത്തിയിൽ 20 അടിയിലധികം നീളത്തിലാണ് കല്ലുകൾ ഇളകി പുറത്തേക്ക് തള്ളി നിൽക്കുന്നത്. കരിങ്കൽ കെട്ടിനിടയിലുള്ള കോൺക്രീറ്റ് ബെൽറ്റിന്റെ ബലത്തിലാണ് സംരക്ഷണഭിത്തി വീഴാതെ നിൽക്കുന്നത്. കരിങ്കൽ കഷണങ്ങളിൽ ഒരെണ്ണം താഴെ വീണാൽ ഭിത്തി മുഴുവനായും നിലം പതിക്കും.
ആശുപത്രിയിലേക്കുള്ള ഏക റോഡിലേക്കാണ് സംരക്ഷണഭിത്തി തകർന്നുവീഴുക. മെഡിക്കൽ കോളജിലേക്കും ചെറുതോണി അണക്കെട്ടിലേക്കും ഒരു സ്വകാര്യ സ്കൂളിലേക്കുമെല്ലാം ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. സദാ സമയവും ഇതുവഴി വാഹനങ്ങളിലും കാൽനടയായും ജനങ്ങൾ സഞ്ചരിക്കുന്നതാണ്. സംരക്ഷണഭിത്തി തകർന്നുവീണാൽ വൻ ദുരന്തം തന്നെ സംഭവിച്ചേക്കാം.
മാത്രമല്ല നാലു നിലയിലായി പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടവും അപകടത്തിലായേക്കാം. നിലവിൽ ഈ കെട്ടിടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗവും ഐസിയു, ഓപ്പറേഷൻ തിയറ്റർ തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്. സംരക്ഷണഭിത്തി കാടുമൂടി കിടന്നിരുന്നതിനാലാണ് ശ്രദ്ധിക്കാതിരുന്നത്. നാളുകൾക്ക് മുമ്പ് സന്നദ്ധ പ്രവർത്തകർ കാട് വെട്ടിത്തെളിച്ചതോടെയാണ് വിണ്ടുകീറി റോഡിലേക്ക് തള്ളി നിൽക്കുന്ന സംരക്ഷണഭിത്തി ശ്രദ്ധയിൽപ്പെട്ടത്.