ഇടുക്കിയിലെ ജനങ്ങൾക്കായി പ്രവർത്തിക്കും: കളക്ടർ വിഘ്നേശ്വരി
1438269
Monday, July 22, 2024 11:41 PM IST
ഇടുക്കി: ജില്ലയുടെ 41-ാമത് കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കളക്ടർ പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയിൽ വികസനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെ കളക്ടറേറ്റിൽ ഭർത്താവായ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയ ജില്ലാ കളക്ടറെ ഇടുക്കി സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ, ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ, എഡിഎം ബി. ജ്യോതി, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട് റവന്യു വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച മുൻ കളക്ടർ ഷീബ ജോർജിൽനിന്ന് ചുമതലയേറ്റെടുത്തു.
പിതാവ് കെ.ആർ. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിക് തരൂണ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറാണ് തമിഴ്നാട് മധുര സ്വദേശിയായ വിഘ്നേശ്വരി. കെടിഡിസി എംഡിയായും കോളജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ പദവിയിൽനിന്നാണ് ഇടുക്കിയിലേക്ക് എത്തുന്നത്.