സിഎച്ച് ആർ വനമാണെന്ന വാദം പൊളിയുന്നു
1438549
Tuesday, July 23, 2024 11:40 PM IST
കട്ടപ്പന: സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്, സംരക്ഷിത ഏലം മേഖല) വനമാണെന്ന പാലക്കാട് സംഘടനയുടെ (വണ്‍ എർത്ത് വണ്‍ ലൈഫ്) വാദം പൊളിയുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ സെൻട്രൽ എംപവേർഡ് കമ്മിറ്റി നടത്തിയ ഹിയറിംഗിൽ വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പാലക്കാട് സംഘടനയുടെ വാദം പൊളിക്കുന്ന രേഖകൾ സമർപ്പിച്ചു.
1995ൽ സംഘടന നൽകിയ റിട്ട് പെറ്റീഷനിൽ സിഎച്ച്ആറിൽ നൽകിയിരിക്കുന്ന പട്ടയവും പാട്ടവും നിയമവിരുദ്ധമണെന്നും കൈയേറ്റമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയും ഹർജിക്കാർ നൽകിയ പെറ്റീഷനിൽ ചൂണ്ടിക്കാണിച്ചിരുന്ന 2,15,720 ഏക്കർ സ്ഥലം വനഭൂമിയാണെന്നും കൈയേറ്റമാണെന്നും റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനെതിരേ വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശാനുസരണം എംപവേർഡ് കമ്മിറ്റിയിൽ വിശദീകരണം നൽകുകയുംചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 22ന് എംപവേർഡ് കമ്മിറ്റി, ബന്ധപ്പെട്ട കക്ഷികളുടെ യോഗം ഡൽഹിയിൽ ഇവരുടെ ഓഫീസിൽ വിളിച്ചു. യോഗത്തിൽ ഹർജിക്കാരൻ നൽകിയ രേഖകൾ കൃത്രിമമാണെന്നും എംപവേർഡ് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഗ്രോവേഴ്സ് അസോസിയേഷൻ രേഖകൾ നൽകി സമർഥിച്ചു.
കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ വർഗീസ്, പ്രസിഡന്റ് ആന്റണി കണ്ണമുണ്ട, വൈസ് പ്രസിഡന്റ് ചിത്ര കൃഷ്ണൻകുട്ടി, ജിൻസ് മാത്യു തുടങ്ങിയവരും കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർ തുടങ്ങിയവരും പങ്കെടുത്തു. വണ്‍ എർത്ത് വണ്‍ ലൈഫ് ഭാരവാഹി ഇ-മെയിൽ അയക്കുകയും ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ സിഇസി പുതിയ റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി അമിക്കസ്ക്യൂറി കെ. പരമേശ്വർവഴി നൽകും. ജഡ്ജിമാരായ ബി.ആർ. ഗവായി, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് ഇന്ന് കേസ് പരിഗണിക്കും.
1897 ഓഗസ്റ്റ് 24ന് തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ച ഗസറ്റിൽ തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിൽപെട്ട 15,720 ഏക്കർ സ്ഥലം വനമായി വിജ്ഞാപനം ചെയ്തിരുന്നു. വിജ്ഞാപനത്തിലെ പേജ് നന്പരിലും സ്ഥല വിസ്തീർണത്തിലും കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് ഗ്രോവേഴ്സ് അസോസിയേഷൻ സിഇസിയെ അറിയിച്ചത്. യഥാർഥ വിജ്ഞാപനത്തിലെ 15,720 ഏക്കർ എന്ന അക്കത്തിനു മുന്‍പ് 2 എന്ന അക്കം കൃത്രിമമായി എഴുതി 2,15,720 ഏക്കർ വനം എന്നാക്കുകയും ഗസറ്റിലെ പേജ് നന്പർ 1392 നു പകരം 1932 എന്നാക്കുകയും ചെയ്തിട്ടുണ്ടെന്നും ഗ്രോവേഴ്സ് അസോസിയേഷൻ സിഇസിയെ അറിയിച്ചു. കോടതിയേയും സിഇസിയെയും തെറ്റിദ്ധരിപ്പിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.