എംപിയുടെ വാ​ഹ​ന​ത്തി​ലിടിച്ച് നിർത്താതെ പോയ വാഹനം പിടിയിൽ
Sunday, September 8, 2024 11:50 PM IST
പീ​രു​മേ​ട്: ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​ദ്യല​ഹ​രി​യിലെത്തിയ മറ്റൊരു കാർ ഇടിച്ചു. നിർത്താതെ പോ​യ കാ​ർ പോലീ​സ് കൈ​ കാ​ട്ടി​യി​ട്ടും നി​റു​ത്തിയില്ല ഇതിനെത്തു​ട​ർ​ന്ന് ഏ​ല​പ്പാ​റ​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം പൊ​ലീ​സ് വാ​ഹ​നം പി​ടി കൂ​ടി.

പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി സു​ധീ​ഷിനെയാണ് പോലീസ് ഇത്തരത്തിൽ പിടികൂടിയത്. പൊ​ലീ​സ് സം​ഘ​ത്തി​നുനേ​രേ ത​ട്ടി​ക്ക​യ​റി​യ ഡ്രൈ​വ​റെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​നും പൊ​ലീ​സ് കൈ​കാ​ട്ടി​യി​ട്ടു വാ​ഹ​നം നി​റു​ത്താ​തെ പോ​യ​തി​നും ഇയാൾക്കെതി​രേ ര​ണ്ടു കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു.


ഞാ​യ​റാ​ഴ്ച രാ​ത്രി ഏഴോടെ പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പമാ​ണ് എംപിയു​ടെ വാ​ഹ​ന​ത്തി​ൽ പി​ന്നോ​ട്ടു വ​ന്ന കാ​ർ ഇ​ടി​ച്ചു കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​ത്.

നി​റു​ത്താ​തെപോ​യ വാ​ഹ​നം വ​ള​ഞാ​ങ്ങാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​നും സ​മീ​പം കി​ട​ക്കു​ന്ന​തു പി​ന്നാ​ലെ വ​ന്ന എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

എം​പി​യു​ടെ കാ​ർ ഇ​വി​ടെ നി​റു​ത്തി വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​തി​നെക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ക​ളി​യാ​ക്കി​യ ശേ​ഷം വീ​ണ്ടും അ​മി​ത വേ​ഗ​ത​യി​ൽ പാ​ഞ്ഞു പോ​യി.

തു​ട​ർ​ന്ന് പീ​രു​മേ​ട് സി​ഐ ഗോ​പി ച​ന്ദ്ര​ൻ ഏ​ല​പ്പാ​റ​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പൊ​ലീ​സ് സം​ഘ​ത്തോ​ട് വാ​ഹ​നം പി​ടി​കൂ​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.