വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ രാജ്ഭവന് മാര്‍ച്ച് ഏഴിന്
1466723
Tuesday, November 5, 2024 7:26 AM IST
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏഴിന് രാജ്ഭവന് മാര്‍ച്ച് നടത്തുമെന്ന് ഏകോപന സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ചെറുകിട വ്യാപാര മേഖല സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്ത് ആഭ്യന്തര കുത്തകകള്‍ റീട്ടെയില്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്പോൾ മറുവശത്ത് ഓണ്‍ലൈന്‍ ഭീമന്മാരുടെ കടന്നുകയറ്റവുമാണ്. ഇതിനു തടയിട്ടില്ലെങ്കില്‍ പരമ്പരാഗത വ്യാപാരമേഖല തകരും. ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാത്തവരായി മാറും. കോടിക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകും. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് കുത്തകകളില്‍നിന്നും ഓണ്‍ലൈന്‍ ഭീമന്മാരില്നിന്നും സംരക്ഷണം ഉറപ്പാക്കണം.
കോര്‍പറേറ്റുകളെയും ചെറുകിട വ്യാപാരികളെയും രണ്ടായി കാണാന്‍ സര്‍ക്കാര്‍ തയാറാകണം. കെട്ടിട വാടകയുടെ ജിഎസ്ടി ബാധ്യത വ്യാപാരികളുടെ തലയില്‍ കെട്ടിവച്ചതുള്പ്പെടെയുള്ള വ്യാപാര വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് ഏഴിനു രാവിലെ 10.30ന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ട്രഷറര്‍ ആര്. രമേശ്, വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി, സി.കെ. ബാബുലാല്‍, ഷിബു എം. തോമസ്, തങ്കച്ചന് കോട്ടയ്ക്കകം, വി.എസ്. ബിജു, സെക്രട്ടറിമാരായ ജോസ് കുഴികണ്ടം, നാസര്‍ സൈറ, ആര്. സുരേഷ്, റോയി വര്‍ഗീസ് തുടങ്ങിയവർ അറിയിച്ചു.