ഏറ്റവും വലിയ സമ്പത്ത് മക്കൾ: മാര്‍ ജോസ് പുളിക്കല്‍
1560946
Tuesday, May 20, 2025 12:00 AM IST
കാഞ്ഞിരപ്പള്ളി: മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പത്ത് മക്കളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ രണ്ടായിരാമാണ്ടിനു ശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2k25’ കുട്ടിക്കാനം മരിയന്‍ കോളജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. കുട്ടികള്‍ ദൈവത്തിലടിയുറച്ച് വിശ്വസിച്ച്, ദൈവത്തിലാശ്രയിച്ച് തങ്ങളുടെ ജീവിതം ഒരനുഗ്രഹമായി മാറ്റണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുള്ള വലിയ കുടുംബത്തിലെ അംഗങ്ങള്‍ സ്പന്ദനം കൂട്ടായ്മയില്‍ സംബന്ധിച്ചു. രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍ അധ്യക്ഷത വഹിച്ചു. രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ബ്രദര്‍ കെവിന് നീര്‍ണാകുന്നേല്‍ പ്രസംഗിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടത്തി.