ഡൈമുക്കിലെ ഗൃഹനാഥന്റെ കൊലപാതകം: തെളിവു നശിപ്പിച്ച സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ
1563261
Thursday, May 29, 2025 6:43 AM IST
വണ്ടിപ്പെരിയാർ: അഞ്ചുമുക്ക് പുതുപ്പറമ്പിൽ മോഹനനെ മകൻ വിഷ്ണു കോൺക്രീറ്റ് സ്ലാബിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മോഹനന്റെ ഭാര്യ കുമാരിയെ (59 )യാണ് പോലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നു എന്നിവയാണ് കുമാരിക്കെതിരേ ചുമത്തിയിരിക്കുന്നത്. വിഷ്ണുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടു ഉണ്ടായ തർക്കത്തിനിടെയാണ് മകൻ പിതാവിന്റെ തല പിടിച്ചു കോൺക്രിറ്റ് സ്ലാബിൽ തുടർച്ചയായി ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായി കുമാരിയും മകൻ വിഷ്ണുവും അയൽവാസികളെ ഫോണിൽ വിളിച്ച് പിതാവ് അനക്കമില്ലാതെ കിടക്കുന്നു എന്ന് അറിയിച്ചിരുന്നു.
അയൽവാസികൾ എത്തിയപ്പോൾ മോഹനൻ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കട്ടിലിന്റെ അടിഭാഗത്ത് തുണിയിട്ട് മൂടിയ നിലയിൽ രകതം കിടക്കുന്നതും, വെള്ളമുണ്ട് ഉടുക്കാത്ത മോഹനൻ മുണ്ടു ധരിച്ചിരുന്നതും അയൽവാസികളിൽ സംശയത്തിനിടയാക്കി. ഇവർ പോലീസിൽ വിവരം അറിയച്ചതാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്.