പുസ്തക പ്രകാശനവും ഗുരുവന്ദനവും
1563259
Thursday, May 29, 2025 6:43 AM IST
തൊടുപുഴ: കുടയത്തൂർ ഗവ. എച്ച്എസ് മുൻ അധ്യാപിക പി.ആർ. സരോജിനിയമ്മയുടെ ആത്മകഥയായ നടന്നുകയറിയ വഴികൾ എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30നു മൂലമറ്റം സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശന കർമം നിർവഹിക്കും. സരോജിനിയമ്മയുടെ ശിഷ്യനായ എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗർ പുസ്തകം പരിചയപ്പെടുത്തും.
ജില്ലാ പഞ്ചായത്തംഗവും ശിഷ്യനുമായ പ്രഫ.എം.ജെ. ജേക്കബ് യോഗത്തിൽ അധ്യക്ഷത വഹിക്കും. പ്രഫ.കെ.ഐ.ആന്റണി, അഡ്വ.ഷിയാസ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ റവ.ഡോ.തോമസ് ജോർജ് സിഎംഐ, പ്രഫ.എസ്. പെരുമാൾപിള്ള, അഡ്വ.കെ.കെ. ചന്ദ്രൻപിള്ള, എസ്.ബി. പണിക്കർ തുടങ്ങിയവർ പ്രസംഗിക്കും.20-ാംനൂറ്റാണ്ടിന്റെ പകുതിയിൽ കേരളത്തിലെ സാധാരണ നാട്ടിൻപുറത്ത് ജനിച്ച സ്ത്രീ നടത്തിയ അതിശയിപ്പിക്കുന്ന ജീവിതയാത്രയുടെ കഥയാണ് പുസ്തകത്തിന്റെ സാരാംശം. സ്കൂളിലെ പൂർവവിദ്യാർഥി സംഘടന, കുടയത്തൂർ പഞ്ചായത്ത്, കുടയത്തൂർ ലയണ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സരോജിനിയമ്മയുടെ സമകാലികരായ അധ്യാപകരെ ചടങ്ങിൽ ആദരിക്കും. പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിച്ച് ഇതിന്റെ പലിശ ഉപയോഗിച്ച് കുടയത്തൂർസ്കൂളിൽ നിന്നു മികച്ച മാർക്കോടെ വിജയിക്കുന്ന കുട്ടിക്ക് തുടർപഠനസഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. സരോജിനിയമ്മയുടെ മകൻ സഞ്ജീവ് സുനു, പ്രഫ.എം.ജെ.ജേക്കബ്, മെജോ മാത്യു, ബി.ഹരിഹർലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.