ഓണ്‍ലൈൻ പരീക്ഷാ സംവിധാനം ഏർപ്പെടുത്തും: മന്ത്രി ആർ. ബിന്ദു
1563413
Thursday, May 29, 2025 11:50 PM IST
വണ്ടിപ്പെരിയാർ: സർക്കാർ പോളിടെക്നിക് കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടർ ലാബിൽ ഓണ്‍ലൈൻ പരീക്ഷാ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കോളജിന്റെ രജതജൂബിലിയോടനുബന്ധിച്ച് നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ ദൂരം യാത്ര ചെയ്യാതെ ഇവിടെ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സാഹചര്യം ഇതിവഴിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവേശന പരീക്ഷകൾ, പിഎസ്എസി ഉൾപ്പടെയുള്ള ഓണ്‍ലൈൻ പരീക്ഷകൾ തുടങ്ങിയവ നടത്താനാവശ്യമായ ക്രമീകരണങ്ങളാകും ഇവിടെ ഏർപ്പെടുത്തുക. 280 കംപ്യൂട്ടറുകൾ ഉൾപ്പെടുന്ന ലാബാണ് സജ്ജീകരിച്ചിട്ടുള്ളത്.
കിഫ്ബിയുടെ സഹായത്തോടെ കിറ്റ്കോയുടെ മേൽനോട്ടത്തിൽ 9.63 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികൾ, ലാബുകൾ, സെമിനാർ ഹാൾ എന്നിവയുൾപ്പെടുന്ന അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. നാലു നിലകളിലായി നാലുനിലകളിലായി നിർമിച്ചിരിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന് 32,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുണ്ട്.
ക്ലാസ്റൂമുകൾ, ലാബുകൾ, കോമണ്‍ കംപ്യൂട്ടിംഗ് ഫെസിലിറ്റി ലാബ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂമുകൾ, എച്ച്ഒഡി റൂമുകൾ, സ്റ്റുഡന്റസ് അമിനിറ്റി റൂമുകൾ, സിക്ക് റൂം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാകുന്നേൽ, പീരുമേട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശെൽവത്തായി, ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ്.പി. രാജേന്ദ്രൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.