ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം; സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു
1563270
Thursday, May 29, 2025 6:43 AM IST
ഇടുക്കി: സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം 2025 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ അഞ്ച് ആർടി ഓഫീസുകളുടെ കീഴിലാണ് ബസുകളുടെ പരിശോധന നടക്കുന്നത്. അതത് സ്കൂളുകളിൽ നേരിട്ടെത്തിയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നത്.
ഇടുക്കി ആർടി ഓഫീസിന്റെ കീഴിൽ സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയായി. വിവിധ സ്കൂളുകളിലായി 160 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 28 വാഹനങ്ങൾക്ക് ന്യൂനതകൾ കണ്ടെത്തിയതിനാൽ ആ വാഹനങ്ങൾ കേടുപാടുകൾ പരിഹരിച്ചതിനു ശേഷം വീണ്ടും ഹാജരാക്കാൻ ആർടിഒ പി.എം. ഷെബീർ നിർദേശം നൽകി.
സ്പീഡ് ഗവേണറുകൾ, എമർജൻസി ഡോറുകൾ എന്നിവ പ്രവർത്തിക്കാത്തതും തേയ്മാനം സംഭവിച്ച ടയറുകൾ ഉള്ളതുമായ സ്കൂൾ വാഹനങ്ങൾ ന്യൂനതകൾ പരിഹരിച്ച ശേഷം വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി.
ദേവികുളം ആർടി ഓഫീസിന്റെ നേതൃത്വത്തിൽ 33 സ്കൂളുകളിലെ 90 ബസുകൾ പരിശോധിച്ചു. ഡ്രൈവർമാരും ആയമാരും ഉൾപ്പെടെ 184 പേർക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.
വണ്ടിപ്പെരിയാർ ആർടി ഓഫീസിന്റെ നേതൃത്വത്തിൽ 125 സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയാക്കി. തൊടുപുഴ ആർടി ഓഫീസിന്റെ നേതൃത്വത്തിൽ 60 സ്കൂളുകളിലെ 190 വാഹനങ്ങൾ പരിശോധിച്ചു. ഡ്രൈവർമാരും ആയമാരും ഉൾപ്പെടെ 350 പേർക്ക് ബോധവത്കരണ ക്ലാസ് നല്കി. ഉടുന്പൻചോല ആർടി ഓഫീസിന്റെ നേതൃത്വത്തിൽ 65 സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയാക്കി.