ഫ്രാൻസിസ്കൻ സഭാംഗങ്ങൾ സഭയെ നവീകരിക്കേണ്ടവർ: മാർ പുളിക്കൽ
1560947
Tuesday, May 20, 2025 12:00 AM IST
കാഞ്ഞിരപ്പള്ളി: സഭയ്ക്കുള്ളിൽനിന്നുകൊണ്ട് സഭയെ നവീകരിക്കാൻ കടപ്പെട്ടവരാണ് ഫ്രാൻസിസ്ക്കൻ അല്മായ സഭാംഗങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത ഫ്രാൻസിസ്കൻ അല്മായ സഭാ വാർഷികം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃക ഉൾക്കൊണ്ട് അല്മായ സഭാംഗങ്ങൾ പ്രാർഥനകൊണ്ടും ഉപവി പ്രവർത്തനങ്ങളാലും സഭയെ വിശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. രൂപതാ പ്രസിഡന്റ് ജോസ് തോമസ് വെട്ടത്ത് അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. വിവാഹ സഹായനിധി വിതരണം രൂപത ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. റോജോ പുരയിടത്തിൽ, തോമസ് ചാക്കോ മണിമലക്കരോട്ട്, ജോസ് കിഴക്കേത്തലയ്ക്കൽ, ബേബി ജോസഫ് പാണ്ടിയപ്പള്ളി, ജോസ് ടി. തോമസ് തയ്യിൽ, ജോജോ കിഴക്കേത്തലക്കൽ, സിസ്റ്റർ മോളി ജോസ് വാഴപ്പനാടി തുടങ്ങിയവർ പ്രസംഗിച്ചു.