ജനങ്ങളുടെ നൊന്പരമകറ്റാൻ സബ് കളക്ടർ വില്ലേജുകളിലേക്ക്
1561282
Wednesday, May 21, 2025 5:31 AM IST
ഇടുക്കി: ഭരണനിർവഹണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൂതന പദ്ധതിയുമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്.
ജനങ്ങളോടൊപ്പം എന്ന പേരിൽ രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതിയിൽ പ്രാദേശിക സമൂഹവുമായി നേരിട്ട് ഇടപഴകുകയും പൊതു സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളിൽ സബ് കളക്ടർ തന്റെ അധികാര പരിധിയിലുള്ള താലൂക്കിനു കീഴിലുള്ള ഒരു വില്ലേജ് ഓഫീസ് സന്ദർശിക്കുകയും അവിടെ അന്നേദിവസം ചെലവഴിക്കുകയും പരാതികൾ പരിഹരിക്കുകയും പ്രാദേശിക ഭരണപരമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.
ഇടുക്കി, പീരുമേട്, തൊടുപുഴ താലൂക്കുകളാണ് സബ് കളക്ടർ അനൂപ് ഗാർഗിന്റെ അധികാര പരിധിയിലുള്ളത്. ഈ താലൂക്കുകൾക്ക് കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സബ് കളക്ടറെത്തും. പീരുമേട് താലൂക്കിലെ കൊക്കയാർ വില്ലേജ് ഓഫീസിൽ ജൂണ് 12 നാണ് ജനങ്ങളോടൊപ്പം പരിപാടിയുടെ തുടക്കം. പൊതുജനങ്ങൾക്ക് സബ് കളക്ടറുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും. തങ്ങളുടെ ആശങ്കകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും.
സർക്കാർ ഇടപെടൽ ആവശ്യമുള്ള പ്രാദേശിക പ്രശ്നങ്ങൾ ഉടൻ വിലയിരുത്തി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ഭരണ നിർവഹണത്തിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സബ് കളക്ടർ പറഞ്ഞു. സർക്കാർ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ഇടപെടലിലൂടെ പ്രാദേശികമായ വെല്ലുവിളികൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.