കാഡ്സ് ഗ്രീൻ ഫെസ്റ്റിന് തുടക്കം
1562888
Tuesday, May 27, 2025 11:57 PM IST
തൊടുപുഴ: കാഡ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക വിപണന പ്രദർശന മേളയ്ക്ക് തുടക്കമായി. വെങ്ങല്ലൂർ ഷെറോണ് കൾച്ചറൽ സെന്ററിൽ നടക്കുന്ന ഫെസ്റ്റ് ജൂണ്‍ ഒന്നിനു സമാപിക്കും. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഡ്സിന്റെ പ്രവർത്തനം മൂല്യ വർധിത മേഖലയിലേക്ക് വഴി തിരിച്ചു വിടണമെന്നും അതിലൂടെ യുവജനങ്ങൾ കൃഷിയിലേക്ക് ആകർഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കാഡ്സ് സിൽവർ ജൂബിലി സ്മാരകമായ ഹോസ്പിറ്റൽ എക്യുപ്മെന്റ് ബാങ്ക് ഉദ്ഘാടനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. മനുഷ്യസ്നേഹപരമായ ഏറ്റവും മികച്ച സേവന പ്രവർത്തനമാണ് വയോജനങ്ങൾക്കായി കാഡ്സ് ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ ചെയർമാൻ കെ.ദീപക് അധ്യക്ഷത വഹിച്ചു. വിള പ്രദർശനം ഡീൻ കുര്യാക്കോസ് എംപിയും കാഡ്സ് ട്രീൻ ലീവ്സ് ഫാം സ്കൂൾ മോണ്‍. പയസ് മലേക്കണ്ടത്തിലും ഉദ്ഘാടനം ചെയ്തു. ടൂർ പാക്കേജ് ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കാഡ്സ് നാടൻ കുത്തരിയുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ എന്നിവരും നിർവഹിച്ചു.
കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, മുനിസിപ്പൽ കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, നിധി മനോജ്, പി.ജി. രാജശേഖരൻ, മുഹമ്മദ് അഫ്സൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, കെ.എം.എ. ഷുക്കൂർ, മുഹമ്മദ് ഫൈസൽ, സണ്ണി കടൂത്താഴെ, ജിസ് ജോസഫ്, ജേക്കബ് മാത്യു, മനോജ് കുന്നേൽ, ലിസിയമ്മ സാമുവൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് കാർഷിക സ്പോർട്സ്, മൂന്നിന് മുറംകെട്ടിപ്പാറ സന്ദർശനം, പൂച്ചകളുടെ സൗന്ദര്യമത്സരം, 3.30ന് സെമിനാർ എന്നിവ നടക്കും.