ചട്ടഭേദഗതി: കട്ടപ്പനയിൽ ഇന്ന് പ്രതിഷേധ റാലി
1592995
Friday, September 19, 2025 11:50 PM IST
കട്ടപ്പന: സർക്കാർ നയങ്ങൾക്കെതിരേ പ്രതികരിക്കുന്ന യുഡിഎഫ് നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന സിപിഎം നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പത്ര സമ്മേളത്തിൽ ആരോപിച്ചു.
ഭൂമി പതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരേ ഇന്ന്് ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന സിഎസ്ഐ ഗാർഡനിൽ യുഡിഎഫ്പ്രതിഷേധ സംഗമവും കട്ടപ്പന ടൗണിൽ പ്രതിഷേധ റാലിയും നടത്തും. എല്ലാ മണ്ഡലം ആസ്ഥാനങ്ങളിലും 30ന് മുന്പ് യുഡിഎഫ് പ്രതിഷേധ സദസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിൽ നടക്കുന്ന പ്രതിഷേധ സംഗമം യുഡിഎഫ് കണ്വീനർ അഡ്വ. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി, സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, അഡ്വ. ഇ.എം. ആഗസ്തി, ടി.എം. സലിം, സുരേഷ് ബാബു, ജി. വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
ആറ് വർഷങ്ങൾക്ക് മുന്പ് ഇടതു സർക്കാർ അടിച്ചേൽപ്പിച്ച കെട്ടിടനിർമാണ നിരോധനം പിൻവലിക്കുന്നതിന് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പ്രതിസന്ധികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.
സർക്കാരിന്റെ കെട്ടിടനിർമാണ ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച് നിർമിച്ചതും എല്ലാ നികുതികളും അടച്ചിട്ടുള്ളതും ഇപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നികുതിയടയ്ക്കുന്നതുമായ കെട്ടിട ഉടമകൾ ഇടുക്കിയിൽ മാത്രം ഫീസ് അടച്ച് അപേക്ഷകൾ സമർപ്പിച്ച് ക്രമവത്്കരിക്കണമെന്നും പിഴ അടയ്ക്കണമെന്നുമുള്ള വ്യവസ്ഥ നീതിനിഷേധമാണ്. ഒരേ നിയമമനുസരിച്ച് രാഷ്ട്രീയപാർട്ടികളും സംഘടനകളും സമുദായങ്ങളും നിർമിച്ച കെട്ടിടങ്ങൾ നിയമപരവും വ്യക്തികളുടെ നിർമിതികൾ നിയമവിരുദ്ധവുമാകുന്നത് കാട്ടുനിയമമാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
പത്രസമ്മേളനത്തിൽ അഡ്വ. തോമസ് പെരുമന, തോമസ് മൈക്കിൾ, അഡ്വ. കെ.ജെ. ബെന്നി, ജോജോ കുടക്കച്ചിറ, സിജു ചക്കുംമുട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.