ചപ്പാത്ത് പെട്രോൾപമ്പ് സൂപ്രണ്ട് സന്ദർശിച്ചു
1593008
Friday, September 19, 2025 11:50 PM IST
ഉപ്പുതറ: കുട്ടിക്കാനം - കട്ടപ്പന മലയോര ഹൈവേ നിർമാണത്തിന് തടസമുണ്ടായ ചപ്പാത്ത് പെട്രോൾ പമ്പിന് മുന്നിലെ തർക്കസ്ഥലം ഇടുക്കി സർവേ സൂപ്രണ്ട് സന്ദർശിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തിനു നൽകിയ പരാതിയിൽ ഇടുക്കി ആർഡിഒയുടെ നിർദേശകാരമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജില്ലാ സർവേ സംഘം വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചത്.
ശനിയാഴ്ച സ്ഥലം പരിശോധിക്കാൻ എത്തുമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചിരുന്നത്. എന്നാൽ, സ്ഥലം പരിശോധിക്കാൻ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച എത്തിയ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തു വന്ന പഞ്ചായത്ത് പ്രസിഡന്റിനോട് പ്രതികരിക്കാനും സൂപ്രണ്ട് തയാറായില്ല. പമ്പ് ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് ജയ്മോൾ ജോൺസൻ പറഞ്ഞു.ആർഡിഒയുടെ സാന്നിധ്യത്തിൽ സ്ഥലം അളന്ന് തിരിക്കണമെന്ന് കളക്ടറെ നേരിൽ കണ്ട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഉടമ ഭൂമി വിട്ടു നൽകാത്തതിനാൽ പെട്രോൾ പമ്പിന് മുന്നിൽ റോഡിനു വീതി കുറച്ചാണ് ടാറിംഗ് നടത്തിയത്. ഐറിഷ് ഓടയും നിർമിച്ചില്ല. പമ്പിന്റെ ഒരു വശത്ത് 2.6 മീറ്ററും മറുവശത്ത് 1.6 മീറ്ററും ഉൾപ്പെടുന്ന രണ്ട് സെന്റ് ഭൂമി പുറമ്പോക്കാണെന്ന് താലൂക്ക് സർവേയർ കണ്ടെത്തിയിരുന്നു.
ഈ സ്ഥലം വീണ്ടെടുത്തു നൽകാൻ തഹസിൽദാർക്കും പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടി സ്വീകരിക്കുന്നതിൽ തഹസിൽദാരും സെക്രട്ടറിയും വീഴ്ച വരുത്തി. പമ്പുടമ ഭൂപരിഷ്കരണ നിയമ പ്രകാരം കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.