കെ.സി. ജോർജ് നാടക പ്രതിഭാ പുരസ്കാരം എം.ജെ. ആന്റണിക്ക്
1592996
Friday, September 19, 2025 11:50 PM IST
കട്ടപ്പന: പ്രഥമ കെ. സി. ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എം.ജെ. ആന്റണിക്ക്. രണ്ട് തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.സി. ജോർജിന്റെ സ്മരണക്കായി കെസി സൗഹൃദ കൂട്ടായ്മയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കെസിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 23ന് വൈകുന്നേരം നാലിന് കട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത നാടക - സിനിമ നടൻ പ്രമോദ് വെളിയനാട് പുരസ്കാരം സമർപ്പിക്കും.
1977ൽ തിരുവനന്തപുരം കെസ്കയ്ക്ക് വേണ്ടി എഴുതിയ അന്പലം എന്ന നാടകം സംവിധാനം ചെയ്തത് തിലകനായിരുന്നു.
തുടർന്ന് ചങ്ങനാശേരി ദർശന ആർട്ട്സ് സെന്ററിന്റെ ബന്ധനം, ഇരട്ടയാർ സിവൈഎം എൽ ന്റെ രാജ്യം ശക്തി മഹത്വം, പലായനം, കട്ടപ്പന ഹൈസയുടെ ബലിമുഹൂർത്തം, സർഗചേതനയുടെ തിരിച്ചറിവിന്റെ വൃക്ഷം തുടങ്ങിയ നാടകങ്ങൾ രചിച്ചു. സ്വർഗത്തിൽ ഒരു വിവാഹം, ഇസ്രായേലിന്റെ മുത്ത് എന്നീ നാടകങ്ങൾക്ക് 2010, 2012 വർഷങ്ങളിൽ മികച്ച നാടക രചനയ്ക്കുള്ള കെസിബിസി അവാർഡ് ലഭിച്ചു. കല്ലേറുദൂരം, തേനൊഴുകും ദേശം എന്നീ ഭക്തിഗാന ആൽബങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.
2022ൽ ഗുരുത്വം എന്ന നാടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. കെഎസ്ആർടിസിയിൽ ജീവനക്കാരനായിരുന്ന ആന്റണി 2005ൽ സർവീസിൽനിന്ന് വിരമിച്ചു. ഭാര്യ മേരിക്കുട്ടി. ജയൻ, ദേവൻ, ഉണ്ണി എന്നിവരാണ് മക്കൾ. ഇ. ജെ. ജോസഫ്, ജി. കെ. പന്നാംകുഴി,എം. സി. ബോബൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.