വണ്ണപ്പുറത്ത് എൽഡിഎഫ് ആരോപണം പ്രഹസനം
1593002
Friday, September 19, 2025 11:50 PM IST
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ആരോപിച്ച് സിപിഎം പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളുടെ മുന്നിൽ യുഡിഎഫിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശവും മാനദണ്ഡവും അനുസരിച്ചാണ്. മലയോര മേഖല ഉൾപ്പെടുന്ന വണ്ണപ്പുറം പഞ്ചായത്തിൽ പ്രളയം, കോവിഡ്, പ്രകൃതിദുരന്തങ്ങൾ എന്നിവ തുടർച്ചയായി ഉണ്ടായപ്പോൾ ജീവരക്ഷാർഥം ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ഒട്ടേറെ പേർ താമസസ്ഥലത്തുനിന്നു ടൗണിലേക്കും സമീപപ്രദേശങ്ങളിലേക്കും താത്കാലികമായി താമസം മാറ്റിയിട്ടുണ്ട്. അവരുടെ സ്ഥലമോ ദേഹണ്ഡങ്ങളോ വീടുകളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ല.
ഇത്തരത്തിലുള്ളവരുടെ വോട്ടുകൾ വെട്ടിമാറ്റാനുള്ള സിപിഎമ്മിന്റെ നിർബന്ധബുദ്ധിയും കുടിലതന്ത്രവുമാണ് പഞ്ചായത്തിൽ നടത്തിയ പ്രഹസന സമരത്തിനാധാരം.
താത്കാലികമായി മാറിത്താമസിക്കുന്നവർ നിലവിലെ വാടക വീടുകളിൽ വോട്ട് ചേർത്തിട്ടില്ലാത്ത അവസ്ഥയിൽ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്താൽ അവരുടെ സ്ഥലത്തിന് പട്ടയം, ക്ഷേമപെൻഷനുകൾ, മറ്റ് ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വോട്ടവകാശം ഉപയോഗിക്കാൻ സാധിക്കാതെ വരുമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.
എന്നാൽ എൽഡിഎഫ് ഇത് രാഷ്ട്രീയവത്കരിച്ച് യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ പഞ്ചായത്തിലും വോട്ട് ചേർക്കാനും തിരുത്താനും വെട്ടി മാറ്റാനുമുള്ള അവകാശം പഞ്ചായത്ത് പ്രസിഡന്റിലും ഭരണസമിതിയിലും നിക്ഷിപ്തമല്ലെന്നിരിക്കെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിക്കും പ്രസിഡന്റിനുമെതിരേ ഉപരോധവും സമരപരിപാടികളും സംഘടിപ്പിച്ച് യുഡിഎഫിനെ പൊതുജനമധ്യത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം ജനം അവജ്ഞയോടെ തള്ളിക്കളയുമെന്ന് യുഡിഎഫ് ചെയർമാൻ പി.എം. ഇല്യാസ്, കണ്വീനർ ബേബി വട്ടക്കുന്നേൽ, സണ്ണി കളപ്പുരയ്ക്കൽ, പി.വി. ഷാഹുൽ ഹമീദ്, എം.ടി. ജോണി എന്നിവർ പറഞ്ഞു.