110 കെവി ലൈൻ നഷ്ടപരിഹാരം: പട്ടയം കിട്ടാത്തവരെ തഴയാൻ നീക്കം
1593001
Friday, September 19, 2025 11:50 PM IST
നെടുങ്കണ്ടം: കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെവി വൈദ്യുത പദ്ധതിക്കു ടവറുകളും ലൈനുകളും സ്ഥാപിക്കുന്നതിനു നഷ്ടപരിഹാരം നൽകുന്നതിൽ പട്ടയം കിട്ടാത്തവരെ ഒഴിവാക്കാൻ കെഎസ്ഇബി നീക്കം. പട്ടയത്തിനായി കാത്തിരിക്കുന്ന കർഷകർക്കു നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന കടുംപിടിത്തത്തിലാണ് കെഎസ്ഇബി.
എന്നാൽ, ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകളായി ജീവിക്കുന്ന ഭൂമിക്കു പട്ടയം കിട്ടാത്തതു കർഷകരുടെ കുറ്റമല്ലെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ വർഷങ്ങളുടെ അധ്വാനം നഷ്ടമാകുന്പോൾ കേവലം സാങ്കേതികത്വത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നതു കടുത്ത അനീതിയാണെന്നും ഇവർ പറയുന്നു.
അഞ്ചു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് പദ്ധതി. 44 കോടി ഇതിനായി വിനയോഗിക്കും.
ടവറുകളും ലൈനുകളും കെഎസ്ഇബി സ്ഥാപിക്കാൻ സര്‍വേ പൂര്‍ത്തിയാക്കി. ടവറുകളും ലൈനുകളും വരുന്ന പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി കര്‍ഷകര്‍ക്കു വീടുകളും കൃഷികളും ഉള്ളതാണ്.
ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ കുരുമുളക്, ഏലം, തെങ്ങ്. കവുങ്ങ്, ജാതി, കാപ്പി, വാഴ എന്നീ കൃഷികളും നൂറുകണക്കിനു വീടുകളും ഉള്‍പ്പെടെ ഏക്കര്‍ കണക്കിനു ഭൂമിയുണ്ട്.
എന്നാല്‍, പട്ടയമുള്ള കര്‍ഷകര്‍ക്കുമാത്രമേ നഷ്ടപരിഹാരത്തുക നൽകാൻ കഴിയൂ എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് കെഎസ്ഇബി.
കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം
നെടുങ്കണ്ടം: അരനൂറ്റാണ്ടിലധികമായി കര്‍ഷകര്‍ താമസിച്ചു വരികയും കൃഷിചെയ്യുകയും ചെയ്യുന്ന ഭൂമിയിലെ കര്‍ഷകര്‍ക്കും അവരുടെ വീടിനും ജീവനോപാധികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക നൽകാന് കെഎസ്ഇബി തയാറാകണമെന്നു കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയേജക മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ഉന്നതാധികാരസമിതിയംഗം അഡ്വ. തോമസ് പെരുമന ഉദ്ഘാടനം ചെയ്തു. ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി. ജോസുകുട്ടി, എം.ജെ. കുര്യന്, ജോയി കണിയാംപറമ്പില്‍, പി.ജി. പ്രകാശ്. ജോര്‍ജ് അരീപ്ലാക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.