സിബിഎസ്ഇ ഇടുക്കി ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
1593000
Friday, September 19, 2025 11:50 PM IST
അടിമാലി: സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് അടിമാലി വിശദീപ്തി പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. കലോത്സവ സമ്മേളനം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സിനിമാതാരം സുമേഷ് ചന്ദ്രൻ, സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തെക്കേൽ, ട്രഷറർ ഫാ. സുജിത്ത് തൊട്ടിയിൽ, വൈസ് പ്രസിഡന്റ് റവ. ഡോ. രാജേഷ് ജോർജ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ അൻസിൽ, സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലോത്തുപടവിൽ, സഹോദയ ജോയിന്റ്് കൺവീനർ ഫാ. ജിയോ ജോസ്, പിടിഎ പ്രസിഡന്റ് വർഗീസ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ 31 സിബിഎസ്ഇ സ്കൂളുകളിൽനിന്നായി 2500 ഓളം വിദ്യാർഥികളാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ആദ്യദിനം മേളയുടെ കുച്ചിപ്പുടി, ഭരതനാട്യം, തിരുവാതിര, നാടോടി നൃത്തം, മൂകാഭിനയം തുടങ്ങിയവ അരങ്ങേറി. അറബി പദ്യങ്ങളുടെ ശീലകളുമായി മാപ്പിളപ്പാട്ടും ശുദ്ധ സംഗീതവുമായി ലളിതഗാനവും മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി പദ്യപാരായണ മത്സരവും പ്രസംഗം മത്സരവും വേദിയിൽ അരങ്ങേറി. തബലയും മൃദംഗവും ഓടക്കുഴലും കാഴ്ചക്കാരിൽ സന്തോഷം നിറച്ചപ്പോൾ പാശ്ചാത്യ സംഗീതത്തിൽ ഗിറ്റാറും വയലിനും ഒപ്പത്തിനൊപ്പം മുന്നേറി.
വിവിധ വേദികളിൽ നടന്ന അറുപതോളം മത്സരങ്ങളിൽ 568 പോയിന്റുമായി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തും 564 പോയിന്റുമായി വിജയമാത പബ്ലിക് സ്കൂൾ തൂക്കുപാലം രണ്ടാം സ്ഥാനത്തും 500 പോയിന്റുമായി ക്രിസ്തുജ്യോതി രാജാക്കാട് മൂന്നാം സ്ഥാനത്തുമാണ്.
ഇന്ന് കലോത്സവ വേദിയിൽ വിവിധ സ്റ്റേജുകളിലായി ഏകാങ്ക നാടകം, സംഘനൃത്തം, കോൽക്കളി, ഒപ്പന, മാർഗംകളി, പാശ്ചാത്യസംഗീതം, മോഹിനിയാട്ടം, ദേശഭക്തിഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മോണോ ആക്ട്, മിമിക്രി, വിവിധ ഭാഷകളിലെ പദ്യപാരായണവും പ്രസംഗമത്സരങ്ങളും അരങ്ങേറും. വൈകുന്നേരം സമ്മാനദാന ചടങ്ങിൽ ഇടുക്കി എസ്പി കെ.എം. സാബു മാത്യു, അഡ്വ. എ. രാജ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.