നഗരത്തിൽ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി
1593004
Friday, September 19, 2025 11:50 PM IST
തൊടുപുഴ: നഗരമധ്യത്തിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ള വിതരണം മുടങ്ങി. ഇന്നലെ വൈകുന്നേരം നാലോടെ ഏറെ തിരക്കുള്ള റോട്ടറി ജംഗ്ഷനിലെ 110 എംഎം ലൈൻ പൈപ്പാണ് പൊട്ടിയത്. ഏഴടിയോളം ഉയരത്തിൽ വെള്ളം ചീറ്റിത്തെറിച്ചതോടെ ഇതുവഴി പോയ യാത്രക്കാരടക്കം നനഞ്ഞു കുളിച്ചു. ഈ സമയം ഇതുവഴി കടന്നുപോയ സ്കൂൾ വാഹനങ്ങളിലേക്കും വെള്ളം തെറിച്ചു. സമീപവാസികളും ഓട്ടോ തൊഴിലാളികളും ഉടൻതന്നെ വിളിച്ചറിയിച്ചെങ്കിലും വൈകിയാണ് ജല പ്രവാഹം നിർത്തിയതെന്നും ആക്ഷേഷപമുണ്ട്.
കഴിഞ്ഞ നാലു മാസമായി ഈ പൈപ്പ് പൊട്ടി വെള്ളം ചോരുന്നതായാണ് പ്രദേശത്തെ വ്യാപാരികൾ പറയുന്നത്. ഓടയ്ക്ക് മുകളിൽ കോണ്‍ക്രീറ്റ് ഉള്ളതിനാൽ വെള്ളം പുറത്തേക്ക് വന്നിരുന്നില്ല.
എന്നാൽ ഇന്നലെ ഭാരവാഹനം കയറിയതോടെ ഈ കോണ്‍ക്രീറ്റ് പൊട്ടിയതിനെത്തുടർന്നാണ് വെള്ളം പുറത്തേക്ക് തെറിച്ചത്.
നാല് മാസം മുൻപ് പൈപ്പ് പൊട്ടിയതായി കാണിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
പൈപ്പ് പൊട്ടിയതിനാൽ ടൗണ്‍ മുതൽ വെങ്ങല്ലൂർ ഭാഗം വരെയുള്ള കുടിവെള്ള വിതരണം ഇന്നു തടസപ്പെടുമെന്നും പ്രശ്നം പരിഹരിച്ച ശേഷം വിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടർ അഥോറിട്ടി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.
കഴിഞ്ഞ ദിവസം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ജല ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങിയിരുന്നു.