പകരക്കാരനായി ജിതിൻ പോയത് മരണത്തിലേക്ക്
1592999
Friday, September 19, 2025 11:50 PM IST
ചെറുതോണി: നഴ്സായ ജിതിൻ ജോർജിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ നാരകക്കാനം. ഏറ്റുമാനൂർ - പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആംബുലൻസിലെ മെയിൽ നഴ്സായ ജിതിൻ മരിച്ചത്.
നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജി (39) ന്റെ അപകടമരണമറിഞ്ഞ് നടുവിലേടത്ത് വീടും നാരകക്കാനം ഗ്രാമവും ഒന്നാകെ ശോകമൂകമായി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്.
നഴ്സിംഗ് പഠനത്തിനുശേഷം കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജിതിൻ. ഇവിടെനിന്നാണ് രോഗിക്കൊപ്പം 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്. ജോലിക്ക് കയറേണ്ടിയിരുന്ന നഴ്സിന് അസൗകര്യം ഉണ്ടായതിനെത്തുടർന്ന് പകരം ജോലിക്കു കയറിയതാണ് ജിതിൻ.
അടിമാലിയിൽനിന്നു രോഗിയെയും കൊണ്ട് ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. തുടർന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ജിതിന്റെ പിതാവ് കാണക്കാലിൽ ജോർജ് 38 വർഷങ്ങൾക്ക് മുമ്പ് നേര്യമംഗലത്ത് ചരക്കുവാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മാതാവ് മരിയാപുരം മുൻ പഞ്ചായത്ത് അംഗമായ ഗ്രേസി (ഇപ്പോൾ സിഡിഎസ് ചെയർപേഴ്സൺ) മകന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായി വീണു. തുടർന്ന് നാട്ടുകാർ ഗ്രേസിയെ ആശുപത്രിയിലാക്കി.
നടുക്കം വിട്ടുമാറാതെ
തങ്കമ്മയും ചെറുമകളും
ഗാന്ധിനഗർ: അപകടത്തിൽനിന്നു രക്ഷപ്പെട്ടെങ്കിലും തങ്കമ്മയ്ക്കും ചെറുമകൾ സോഫിയയ്ക്കും നടുക്കം വിട്ടുമാറിയിട്ടില്ല .
രണ്ട് ദിവസമായായി ഇടുക്കി ഉടുമ്പൻചോല പാപ്പൻപാറ ഏർത്ത് കുന്നേൽ തങ്കമ്മ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്. തങ്ങൾ ആംബുലൻസിന്റെ പുറകിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സോഫിയ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ വാതിൽ തുറന്നുപോയി. അതിലൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി. പിന്നീട് നാട്ടുകാരാണ് മറ്റൊരു വാഹനത്തിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ഗുരുതര പരിക്കേറ്റില്ലെന്നും അമ്മ ഷൈനിക്ക് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും സോഫിയ പറഞ്ഞു. ആശുപത്രിയിൽ വച്ചാണ് കൂടെ ഉണ്ടായിരുന്ന മെയിൽ നഴ്സ് മരിച്ച വിവരം ഇവർ അറിയുന്നത്.