ആപ്പിൾ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് : നികുതി കുടിശിക അടയ്ക്കാമെന്ന് ധാരണ
1374399
Wednesday, November 29, 2023 6:47 AM IST
കാക്കനാട്: കാക്കനാട് അനധികൃത കെട്ടിട നിർമാണം നടത്തുകയും കോടികൾ നികുതി കുടിശിക വരുത്തുകയും ചെയ്ത ആപ്പിൾ ഹൈറ്റ്സ് അപ്പാർട്ട്മെന്റിന്റെ നികുതി കുടിശിക അടയ്ക്കാമെന്ന് ധാരണയായി. ഉമതോമസ് എംഎൽഎ, നഗരസഭ ചെയർപേഴ്സൻ രാധാമണി പിളള, വൈസ് ചെയർമാൻ പി.എം. യൂനിസ് എന്നിവരുടെ നേതൃത്വത്തിൽ അപ്പാർട്ട്മെന്റ് വെൽഫെയർ അസോസിയേഷൻ, ഭൂ ഉടമ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നികുതി കുടിശിക അടയ്ക്കാൻ ധാരണയായത്.
ആദ്യഘട്ടത്തിൽ മെട്രോ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ താമസക്കാരും, ഭൂവുടമയും തമ്മിൽ കേസുണ്ടായതിനെ തുടർന്ന് കോടതിയിൽ കെഎംആർഎൽ കെട്ടിവച്ച ഒരുകോടി മുപ്പത്തിയാറ് ലക്ഷത്തിൽ നിന്നും ബിൽഡിംഗ് റഗുലൈസേഷൻ ഇനത്തിൽ ഒടുക്കേണ്ട ഒരുകോടി 11 ലക്ഷം രൂപ നഗരസഭയിൽ ഒടുക്കി കെട്ടിടനമ്പർ ഇടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെട്ടിട നികുതി ഇനത്തിൽ ബാക്കിവരുന്ന തുക ഘട്ടം ഘട്ടമായി അടയ്ക്കാമെന്നുമുള്ള ഉറപ്പിൽ നഗരസഭാ തുടർ നടപടികൾ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് ഫ്ലാറ്റിൽ നിന്നും ഉടനെ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു.