ആലുവ ശിവരാത്രി വ്യാപാര മേള : കരാർ റദ്ദാക്കി
1394399
Wednesday, February 21, 2024 3:46 AM IST
ആലുവ: ഹൈക്കോടതി ഉത്തരവിനെതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മണപ്പുറത്തെ ശിവരാത്രി വ്യാപാരമേളയും അമ്യുസ്മെന്റെ പാർക്ക് നടത്തിപ്പും ആദ്യം ഒഴിവാക്കിയ ഒന്നാം സ്ഥാന സ്ഥാപനവുമായി ആലുവ നഗരസഭ ഒപ്പിട്ടു.
ഇന്നലെ വൈകിട്ട് അഞ്ചിനകം ഒന്നാം കക്ഷിയുമായി കരാർ വയ്ക്കണമെന്ന കോടതി നിർദേശം മുൻനിർത്തിയാണ് ഷാ എന്റർടെയ്ൻമെന്റുമായി ആലുവ നഗരസഭ സെക്രട്ടറി പി.ജെ. ജെസിന്ത കരാർ ഒപ്പുവച്ചത്.
രണ്ടാം സ്ഥാനത്തെ ഫൺ വേൾഡിന് 77 ലക്ഷം രൂപയ്ക്ക് ആലുവ നഗരസഭ നൽകിയ കരാർ റദ്ദാക്കിയാണ് ഒന്നാം സ്ഥാനക്കാരന് നടത്തിപ്പ് ചുമതല തിരികെ ലഭിക്കുന്നത്.
കരാർ തുകയായ 1,48,58,464ൽ ബാക്കിയുള്ള മൂന്നര ലക്ഷം രൂപകൂടി വൈകിട്ട് നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ ഷാ ഗ്രൂപ്പ് നിക്ഷേപിച്ചു. മൂന്ന് ലക്ഷം രൂപ നിരതദ്രവ്യം വ്യാപാര മേളയ്ക്ക് ശേഷം മടക്കി നൽകും. നഗരസഭയുടെ അനുമതി പത്രം കൂടി ഇന്ന് ലഭിക്കുന്നതോടെ ഷാ ഗ്രൂപ്പിന് മണപ്പുറത്ത് നിർമാണം തുടങ്ങാം.
കഴിഞ്ഞ ആഴ്ച മുതൽ നിർമാണം തുടങ്ങിയ ഫൺ വേൾഡ് മണപ്പുറത്ത് ഇതുവരെ സ്ഥാപിച്ചിട്ടുള്ള ഷെഡുകൾ, റൈഡുകൾ സാധന സാമഗ്രികൾ എന്നിവ നീക്കം ചെയ്യുന്നതിന് ഒരു ദിവസം നൽകിയിട്ടുണ്ട്. ഷാ ഗ്രൂപ്പ് അവസാന തിയതിയായ 29നകം പണം അടയ്ക്കാതിരുന്നതിനാലാണ് രണ്ടാം സ്ഥാനക്കാരായ ഫൺ വേൾഡിന് കരാർ നൽകിയത്. രണ്ടാം സ്ഥാനക്കാരനുമായി നഗരസഭയുണ്ടാക്കിയ കരാർ കോടതി റദ്ദാക്കുകയും ഒന്നാം സ്ഥാനക്കാരനുമായി ഫെബ്രുവരി 20നകം കരാർ ഉണ്ടാക്കണമെന്നുമാണ് നിർദേശിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ നഗരസഭയും ടെണ്ടറിലെ രണ്ടാം സ്ഥാനക്കാരായ നിലവിലെ വ്യാപാരമേളയുടെ കരാറുകാരുമായിരുന്ന ഫൺ വേൾഡും ഡിവിഷൻ ബെഞ്ചിന് സമീപിച്ചിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റിയതാണ് തിരിച്ചടിയായത്. ശനിയാഴ്ച വന്ന കോടതിയുടെ ആദ്യ വിധിയിൽ അപ്പീൽ നൽകാൻ നഗരസഭ വൈകുകയും ചെയ്തു.
ടെൻഡറിൽ 1.17 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന ഷാ എന്റർടെയ്ൻമെന്റിനെ ഒഴിവാക്കി 77 ലക്ഷം രൂപക്ക് ഫൺ വേൾഡിന് കരാർ നൽകിയതാണ് കോടതി ഇടപെടാൻ കാരണം. ഉടമ ആദിൽ ഷാ നൽകിയ ഡബ്ലിയുപി (സി) 4602/24 നമ്പരിലുള്ള കേസിൽ ഇതുവരെയുള്ള നടപടിക്രമങ്ങൾ പരിഗണിച്ചപ്പോഴാണ് നഗരസഭയുടെ തീരുമാനം കോടതി റദ്ദാക്കിയത്.