ലഹരിക്കെതിരെ മക്കൾക്കൊപ്പം രക്ഷിതാക്കളും അണിനിരക്കണം
1243083
Friday, November 25, 2022 12:35 AM IST
പെരുവെന്പ് : ലഹരിക്കെതിരെ മക്കൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ഒപ്പം ഉണ്ടാവണമെമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ പറഞ്ഞു. പാരന്റ്സ് കോഓർഡിനേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പെരുവെന്പ് സിഎ ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ ലഹരിക്കെതിരെ ഗോൾ ചലഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി പല രൂപങ്ങളിലാണ് മക്കളെ വന്നണയുന്നത്.
ലഹരി വലയിൽ മക്കൾ ഉൾപ്പെടാതിരിക്കുവാൻ നാട്ടുകാർ ഒന്നാകെ നിരന്തര ജാഗ്രത പാലിക്കണമെന്ന് ആർ. ചിന്നക്കുട്ടൻ പറഞ്ഞു.
ലഹരിക്കെതിരെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും എന്ന തലക്കെട്ടിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ബോധവത്കരണങ്ങളുടെ ഭാഗമായാണ് പെരുവെന്പ് സ്ക്കൂളിൽ ഗോൾ ചാലഞ്ച്, ഉപന്യാസ മത്സരം എന്നിവ നടത്തിയത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം വിദ്യാർഥികളിൽ ലഹരിക്കെതിരെ എന്റെ ശബ്ദം എന്ന തലക്കെട്ടിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളായ ജസീറ, അഫ്റ ഫാത്തിമ എന്നീ വിദ്യാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ. അലി അൻവർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ. കാജാഹുസൈൻ പ്രധാന അധ്യാപകൻ സി.വി. കൃഷ്ണദാസ് പാരന്റ്സ് കോഓർഡിനേഷൻ ഫോറം കൊഓർഡിനേറ്റർ എ. സാദിഖ്, വൈ. ഇബ്രാഹിം ഷാ, കുമരേശൻ വടവന്നൂർ, ബാലസുബ്രമണ്യൻ, ടി. ഗോപി എന്നിവർ സംസാരിച്ചു.