ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണം ഇന്ന്
1244695
Thursday, December 1, 2022 12:43 AM IST
പാലക്കാട്: സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തിൽ "ഒന്നായ് തുല്യരായി തടുത്ത് നിർത്താം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ലോക എയ്ഡ്സ് വിരുദ്ധദിനാചരണ കാന്പയിൻ ഇന്നുനടക്കും.
രാവിലെ ഒൻപതിന് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന ബോധവത്ക്കരണ റാലി ഐഎംഎ ഹാളിൽ അവസാനിക്കും. ആരോഗ്യ പ്രവർത്തകർ, എച്ച്ഐവി എയ്ഡ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, എയ്ഡ്സ് സംഘടനാ പ്രതിനിധികൾ, നഴ്സിംഗ് വിദ്യാർഥികൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 10 ന് ഐഎംഎ ഹാളിൽ ഷാഫി പറന്പിൽ എംഎല്‍എ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനാകും.
ജില്ലാ കളക്ടർ മൃണ്മയി ജോഷി മുഖ്യാതിഥിയാകും.
പരിപാടിയിൽ ശരവണൻ പാലക്കാട് മാജിക് ഷോ അവതരിപ്പിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എയ്ഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട പ്രദർശനം, വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം, എയ്ഡ്സ് രോഗം എങ്ങനെ കണ്ടെത്താം, കണ്ടെത്തിയാൽ എന്ത് ചെയ്യണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ച ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.