കലോത്സവ തുടക്കം ഉച്ചയോടെ; ഒടുക്കം പാതിരയ്ക്ക്..!
1244709
Thursday, December 1, 2022 12:45 AM IST
ഒറ്റപ്പാലം : കലോത്സവ നടത്തിപ്പിൽ സർവത്ര ആശയക്കുഴപ്പം .തീർച്ചയും തീരുമാനവും ഇല്ലാതെ മത്സരങ്ങൾ, കഥയറിയാതെ മത്സരാർത്ഥികളും രക്ഷിതാക്കളും. മൂന്നു ദിവസം പിന്നിടുന്പോഴും കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിയുന്നില്ല.
ഓരോ ദിവസവും മത്സരങ്ങൾ തുടങ്ങുന്നത് ഉച്ചയോടെയാണ്. എന്നാൽ കാലത്ത് ഏഴുമണിയോടെ മേക്കപ്പ് അണിഞ്ഞ് മത്സരാർഥികൾ ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ കാത്തിരിന്നുവേണം മത്സരങ്ങളിൽ പങ്കെടുക്കാൻ.
മത്സരം തുടങ്ങാൻ വൈകുന്നതും, ഓരോ മത്സരത്തിനുശേഷവും അടുത്ത മത്സരം തുടങ്ങാൻ സമയമെടുക്കുന്നതും മൂലം പരിപാടികൾ പാതിരാത്രി കഴിഞ്ഞാലും നീളുന്നത് വിദ്യാർഥികളെ ഏറെ തളർത്തുന്നുണ്ട്.
സ്കൂളുകളിൽ നിന്നും കുട്ടികളോടൊപ്പം വരുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായിട്ടും എൽഎസ്എൻജി എച്ച്എസിലെ പ്രധാന വേദിയായ മോഹനത്തിൽ മത്സരം തുടങ്ങിയിരുന്നില്ല.
ആകെ 14 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്പത് വേദികളിലും പന്ത്രണ്ട് മണിക്കുശേഷമാണ് തുടങ്ങിയത്.
വേദി ഒന്നിൽ രാവിലെ ഒന്പതിനു തുടങ്ങേണ്ടിയിരുന്ന ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ മോഹിനിയാട്ടം 12.10നാണ് തുടങ്ങിയത്.
നൃത്ത മത്സരങ്ങൾക്കാണ് മിക്ക വേദികളിലും കാലതാമസം നേരിട്ടത്. മത്സരത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വേദി ഒന്നിൽ യുപി വിഭാഗം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി മത്സരങ്ങളുമായി ബന്ധപ്പെട്ടുയർന്ന തർക്കങ്ങളും ഒടുവിൽ കൈയാങ്കളിയും മത്സരവേദികളിലെ സമാധാന അന്തരീക്ഷത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
അതുകൊണ്ടുതന്നെ പൊലിസ് സംവിധാനങ്ങൾ ശക്തമാക്കിയാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. മണിക്കൂറുകൾ വൈകി പരിപാടികൾ തുടങ്ങുന്നതിനു പുറമെ അവസാന നിമിഷത്തിൽ മത്സരങ്ങളുടെ വേദി മാറ്റുന്നതും നീട്ടിവയ്ക്കുന്നതും മത്സരാർഥികൾക്ക് പ്രയാസം സൃഷ്ടിച്ചു. ഭക്ഷണം പോലും കഴിക്കാതെ മേക്കപ്പണിഞ്ഞ് തങ്ങളുടെ ഉൗഴം കാത്ത് നിശ്ചയിച്ച വേദിക്കു സമീപം കാത്തിരിക്കുന്പോഴാണ് അവസാന നിമിഷത്തിൽ വേദി മാറ്റിയതായി അറിയിപ്പ് വരുന്നത്. പിന്നിട് അടുത്ത വേദിയിലേക്കുള്ള ഓട്ടമാണ്.
കടുത്ത ചൂടത്ത് അടുത്ത വേദിയിലേക്ക് നടന്ന് എത്തുന്പോഴേക്കും പലരും തളർന്ന അവസ്ഥയിലായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ അശാസ്ത്രീയ കലോത്സവ നടത്തിപ്പിൽ അധ്യാപകരും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.