അവശ്യകതാ നിർണയ ക്യാന്പ്
1244719
Thursday, December 1, 2022 12:47 AM IST
പട്ടാന്പി: മുതുതല ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് അവശ്യകതാ നിർണയ ക്യാന്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള ഏത് തരം ഉപകരണമാണോ വേണ്ടത് അത് എത്രയും പെട്ടെന്ന് എത്തിച്ച് നൽകുമെന്നും എസ്സി വിഭാഗത്തിലുള്ളവർക്കും ജനറൽ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതം പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
എസ്സി. വിഭാഗത്തിൽ 34, ജനറൽ വിഭാഗത്തിൽ 52 ഭിന്നശേഷിക്കാർ പഞ്ചായത്തിലുണ്ട്.
ഇവർക്കായി വീൽചെയർ, വാക്കിങ് സ്റ്റിക്ക്, ഹിയറിംഗ് എയ്ഡ്, വാട്ടർബെഡ്, മോൾഡഡ് ഷൂ തുടങ്ങിയവ നൽകും.
മുതുതലയിലെ കൊടുമുണ്ട ഗെയ്റ്റിന് സമീപമുള്ള ബാബൂസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാന്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായി. വികലാംഗ ക്ഷേമ കോർപ്പറേഷൻ കോഓർഡിനേറ്റർ കെ.പി. ആഷിഫ്, മഞ്ചേരി മെഡിക്കൽ കോളജ് പിഎംആർ സെക്ഷൻ ഡോ.കെ. അൻസാരി, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബുഷ്റാ സമദ്, ഐസിഡിഎസ് സൂപ്പർവൈസർ പി. ഉഷ, ജനപ്രതിനിധികൾ അങ്കണവാടി, ആശാവർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.