വാൽക്കുളന്പിൽ മദ്യവില്പന പൊടിപൊടിക്കുന്നത് സ്ഥല ഉടമകൾക്കുള്ള കമ്മീഷൻ വ്യവസ്ഥയിൽ
1244720
Thursday, December 1, 2022 12:47 AM IST
വടക്കഞ്ചേരി: വാൽക്കുളന്പിൽ അനധികൃത മദ്യ കച്ചവടം പൊടിപൊടിക്കുന്നത് സ്ഥല ഉടമകൾക്കു നൽകുന്ന ആകർഷകമായ കമ്മീഷൻ വ്യവസ്ഥയിൽ. വില്പ്പനയുടെ തോത് അനുസരിച്ചാണ് കമ്മീഷൻ. മദ്യപന്മാർക്കുള്ള സൗകര്യം കൂട്ടുന്നതിനനുസരിച്ച് ആഴ്ചയിൽ ഇൻസെന്റീവുമുണ്ട്.
അതു പണമായോ മദ്യമായോ നല്കും. ചില വാഴത്തോപ്പുകൾ കേന്ദ്രീകരിച്ചാണ് മദ്യ വില്പന കൂടുതലും നടക്കുന്നത്.
സർക്കാരിന്റെ ബീവറേജസ് ഷോപ്പുകൾ തുറക്കും മുന്പേ അതിരാവിലെ തന്നെ ഇവിടുത്തെ പ്രാദേശിക മിനി മദ്യ വില്പനശാലകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും. ചെറിയ കുപ്പികളിലാക്കിയും ലൂസായും സാധനം കിട്ടും.
ഇതിനുള്ള ഗ്ലാസുകളും ടച്ചിംഗ്സുമെല്ലാം സമീപത്തെ ചെറുകിട കടകളിൽ നിന്നും വാങ്ങാനുള്ള സൗകര്യവുമുണ്ട്.
രാവിലെ തന്നെ വഴികളിലും മറ്റും ആളുകൾ കൂടി നിൽക്കുന്നത് കാണുന്പോൾ നാട്ടിൽ എന്തോ സംഭവിച്ചെന്നാണ് പുറമെ നിന്ന് വരുന്നവർക്ക് തോന്നുക.
എന്നാൽ അടുത്തുചെന്ന് മണമറിയുന്നതോടെ സംഭവം പിടികിട്ടും.
മൂന്നോ നാലോ പേർ മദ്യ വില്പനയുമായി രാപകൽ കഷ്ടപ്പെടുന്നതിനാൽ ഏത് സമയവും മദ്യം കിട്ടാനും ബുദ്ധിമുട്ടില്ല. വലിയ അലങ്കാരങ്ങളൊന്നുമില്ലാത്ത വില്പന സ്ഥലങ്ങളിലേക്ക് ഉച്ചയോടെയാണ് ലോഡ് വരിക.
അത് ചെറിയ സഞ്ചികളിലും മടി കുത്തുകളിലുമൊക്കെയാകും. സമീപത്തെ ബീവറേജസുകളിൽ നിന്നെല്ലാം കിട്ടാവുന്നത്ര മദ്യം വാങ്ങിയാകും വാൽക്കുളന്പിലെ ഓർഡർ തികക്കുക.
നാടും നാട്ടുകാരുമെല്ലാം നശിക്കുന്നല്ലോ എന്ന് കണ്ട് ആരെങ്കിലും പരാതിപ്പെടാൻ നീക്കമുണ്ടായാൽ അവരെ ഭീഷണിപ്പെടുത്തി നിർത്താനും മദ്യ വില്പന സംഘത്തിൽ ആളുകളുണ്ട്. കല്യാണവിരുന്ന് വരുന്നവരെ പോലെയാണത്രെ ഇവിടെ എക്സൈസ് പാർട്ടി വന്നുപോവുക.
വല്ലപ്പോഴും വരുന്നത് വകുപ്പ് വാഹനത്തിൽ ആർഭാടമായിട്ടാണത്രെ. ഇതിനാൽ വിൽപ്പനക്കാർക്ക് മാറാനും സൗകര്യമുണ്ട്. സ്ട്രെങ്ങ്ത്ത് ഇല്ലെന്നു പറഞ്ഞ് പോലീസ് പരിശോധനകളും കാര്യക്ഷമമല്ല.
സത്യസന്ധമായി ജോലി ചെയുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഇവിടെ നല്ല കോളുള്ള പ്രദേശമാണ്.
ഇവിടെ ഓടുന്ന പല വാഹനങ്ങൾക്കും രേഖകളൊന്നുമില്ല. ലൈസൻസ്, ഇൻഷൂറൻസ് തുടങ്ങിയവയൊന്നുമില്ല. ഫിറ്റ്നസ് ആളുകൾക്ക് മാത്രമേയുള്ളു. വാഹനങ്ങൾക്കില്ല.