വാൽകുളന്പ് ജ്ഞാനോദയം ഗ്രന്ഥശാലയിൽ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം
1245321
Saturday, December 3, 2022 1:01 AM IST
വടക്കഞ്ചേരി: വാൽകുളന്പ് ജ്ഞാനോദയം ഗ്രന്ഥശാലയിൽ തെരഞ്ഞെടുപ്പ് നടത്തി പ്രവർത്തനം സുഗമമാക്കാൻ സ്റ്റേറ്റ് ലൈബ്രറി കൗണ്സിലിന്റെ നിർദേശം. ഗ്രന്ഥശാല പ്രസിഡന്റും കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും നൽകിയ പരാതിയിലാണ് ഈ ഇടപെടൽ.
ജില്ലാ ലൈബ്രറി കൗണ്സിൽ നേരത്തെ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്സിലും തെരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളത്. നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു പരാതി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കമ്മിറ്റി അസാധുവാണെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടക്കിടെ നിർദ്ദേശം നൽകുന്നതല്ലാതെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് നിലവിലെ കമ്മിറ്റി അംഗങ്ങൾ പറയുന്നു. രാഷ്ട്രീയ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇതിനെല്ലാം പിന്നിലെന്ന സംശയങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് നടത്തിയെന്ന് കാണിച്ച് തങ്ങളുടെ ആളുകളെ തിരികെ കയറ്റാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തൽ.