റോഡ് വികസനത്തിനായി വീടും സ്ഥലവും സൗജന്യമായി വിട്ടുനല്കി പ്രവാസി
1246751
Thursday, December 8, 2022 12:23 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: രമേഷ് ഫെഡ്രിക് പറയുന്നു... വികസനമാണ് വലുത്, വീടല്ല. ഷൊർണൂർ സ്വദേശി രമേഷ് ഫെഡ്രറിക് വേറിട്ടൊരു കാഴ്ചയും അനുഭവവുമാണ്. വികസനത്തിനുവേണ്ടി ഏതറ്റം വരെയും പോകാനും പ്രിയപ്പെട്ടതെന്തും വിട്ടുകൊടുക്കാനും തയാറായ വിശാല മനസിന്റെ നന്മയാണ് ഇദ്ദേഹം സമൂഹത്തിനു നൽകുന്ന സന്ദേശം. ബ്രിട്ടീഷ് മാതൃകയിൽ കരിങ്കല്ലിൽ നിർമിച്ച നൂറ്റാണ്ട് പിന്നിട്ട വീടും സ്ഥലവും റോഡ് വികസനത്തിന് സൗജന്യമായി വിട്ടുനൽകുന്ന പ്രവാസിയാണിദ്ദേഹം.
ഹൈവേ വിപുലീകരണത്തിനു വേണ്ടിയാണ് സ്വന്തം സ്ഥലം നഷ്ടപരിഹാരം പോലും ആവശ്യപ്പെടാതെ ഇദ്ദേഹം വിട്ടുനൽകുന്നത്.
ഷൊർണൂർ-കൊടുങ്ങല്ലൂർ ഹൈവേ വീതി കൂട്ടുന്നതിനാണു ഷൊർണൂരിലെ രമേഷ് ഫെഡ്രറിക് തന്റെ പഴയ വീട് ഉൾപ്പെടുന്ന 2.7 സെന്റ് സ്ഥലം ഹൈവേ അഥോറിറ്റിക്കു കൈമാറിയത്. 100 വർഷം പഴക്കമുള്ളതായിരുന്നു വീട്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നോട്ടിസ് ലഭിച്ചാലും കോടതിയെ സമീപിച്ച് അനുകൂല വിധി പ്രതീക്ഷിക്കുന്ന കാലത്താണു റോഡ് വീതി കൂട്ടുന്ന വിവരമറിഞ്ഞു സ്വന്തം നിലയ്ക്കു രമേഷ് സ്ഥലം നൽകിയത്.
100 വർഷം പഴക്കമുള്ള വീട് ഇതിനുവേണ്ടി പൊളിച്ചു മാറ്റുകയായിരുന്നു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയാണു രമേഷ്. ഒരു നാടിന്റെ വികസനത്തിന് വേണ്ടതു നല്ല റോഡാണ് എന്ന തിരിച്ചറിവാണു തന്നെ ഇതിനു പ്രേരിപ്പിച്ചതെന്നു രമേഷ് പറയുന്നു. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ഷൊർണൂർ മേഖലയിൽ പുരോഗമിക്കുകയാണ്. റോഡിനു വേണ്ടി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ ചുറ്റുമതിൽ പൊളിച്ചിരുന്നു.
നോട്ടീസ് പോലും ലഭിക്കാതെയാണു രമേഷ് ഹൈവേ അതോറിറ്റിയെ സമീപിച്ചു സ്ഥലം നൽകാമെന്ന് അറിയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ കരിങ്കല്ലിൽ നിർമിച്ച ട്വിൻ കോട്ടേജാണു പൊളിച്ചു നീക്കിയത്. ഇതു പൈതൃക കാഴ്ചയായി നിലനിർത്താനായിരുന്നു ആഗ്രഹമെങ്കിലും ഹൈവേ വിപുലീകരണം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.