കാടിനകത്ത് ചെറുതടയണ നിർമാണവുമായി വിദ്യാർഥികൾ
1262641
Saturday, January 28, 2023 1:06 AM IST
നെല്ലിയാന്പതി: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യമൃഗങ്ങൾക്ക് കുടിവെള്ള സ്രോതസ് ഒരുക്കി വിദ്യാർഥികളും യുവാക്കളും സജീവ സാന്നിധ്യമായി.
നെല്ലിയാന്പതി കൈകാട്ടിക്ക് സമീപം വനത്തിനുള്ളിലാണ് ചെറുതടയണ നിർമാണം നടത്തിയത്.
നെല്ലിയാന്പതി വനം-വന്യജീവി വകുപ്പിന്റെയും, നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിന്റെയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും, എരുമേലി എംഇഎസ് കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും, ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെയും, ഇതിഹാസ് ഫൗണ്ടേഷന്റെയും സംയുക്ത സഹകരണത്തോടെയാണ് തടയണ നിർമാണം പൂർത്തിയാക്കിയത്.
50 വിദ്യാർഥികളും യുവാക്കളുമാണ് നിർമാണത്തിൽ പങ്കാളികളായത്. കടുത്ത വേനൽ വരുന്നതോടെ കാടിനുള്ളിലെ ജല സ്രോതസ്സുകൾ പൂർണമായും വറ്റുന്നത് കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനാണ് ചെറു ചെക്കുഡാമുകളുടെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ്. പ്രമോദ്, എസ്.രാജീവ്, അജ്മൽ, എസ്. സജിത്, സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ, സാമൂഹ്യ സേവന വിഭാഗം മേധാവി ചിഞ്ചുമോൾ ചാക്കോ, അൽഫാന അഷ്റഫ്, സൽമ അലി, അനൂപ് ജോസഫ്, ആന്റണി തരകൻ എന്നിവർ നേതൃത്വം നൽകി.