"പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകണം'
1263281
Monday, January 30, 2023 12:47 AM IST
മണ്ണാർക്കാട് : മലയോരമേഖലയിലുള്ളവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലയോര കർഷകനായ പുവ്വത്താണി വീട്ടിൽ ഫിലിപ്പ്.
കണ്ടമംഗലം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ കോഴിക്കുട്ടിലാണ് ഇന്നലെ പുലർച്ചെ പുള്ളിപുലി കുടുങ്ങുകയും രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ കന്പിയിൽ കുരുങ്ങി ചാവുകയും ചെയ്തത്.
രാത്രി പാതിര കഴിഞ്ഞതും കോഴിക്കൂട്ടിൽ കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങിയപ്പോൾ കൂട്ടിൽ പട്ടി കയറിയതായി കരുതി ചെന്നുനോക്കിയപ്പോൾ പുലിയാണെന്ന് മനസ്സിലാക്കി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒന്നിലേറെ തവണ പുലി കോഴിക്കൂട്ടിൽ നിന്ന് കോഴികളെ പിടിച്ച് കൊന്നു തിന്നിരുന്നു. തുടർന്നാണ് പ്ലാസ്റ്റിക് നെറ്റ് മാറ്റി, ഇരുന്പ് നെറ്റ് അടിച്ച് ഉറപ്പുള്ള കൂടാക്കി മാറ്റിയത്.
കൂടിന്റെ മുകൾഭാഗത്തു കൂടി ഉള്ളിലേക്കിറങ്ങിയ പുലി പുറത്തു പോകാനുള്ള ശ്രമത്തിനിടയിൽ കൂടിന്റെ മുകളിലെ ഒരു കന്പിയിൽ മുൻ കാൽ കുടുങ്ങുകയായിരുന്നു. മണിക്കൂറുകളോളം പുലി തൂങ്ങി നിന്നു. നാട്ടുകാരും വനംവകുപ്പ്, ആർആർടി ടീം എല്ലാവരും എത്തിയിരുന്നു.
വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നതിനാൽ കൃഷി കാട്ടാനകൂട്ടം നശിപ്പിക്കുന്നു. കൂടാതെ പുലി, കടുവ, കരടി തുടങ്ങിയ മൃഗങ്ങളെ ഭയന്ന് മനുഷ്യർക്ക് ജീവിക്കാനും പാടായി. അതിനാൽ അർഹമായ നഷ്ടപരിഹാരം നൽകി പുന:രധിവസിപ്പിക്കണമെന്നാണ് ആവശ്യം.