വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന സ്ഥലം: ഡോ. എസ്. ചിത്ര
1263605
Tuesday, January 31, 2023 12:51 AM IST
പാലക്കാട്: ഉദ്യോഗസ്ഥ എന്ന നിലയിൽ വ്യവസായം, കൃഷി തുടങ്ങി വ്യത്യസ്തവും പ്രാധാന്യവുമുള്ള മേഖലകളിൽ ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് പാലക്കാട് എന്ന് ചുമതലയേറ്റ ശേഷം ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര പറഞ്ഞു. ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുള്ള ഗ്രാമീണ തനിമയുള്ള പാലക്കാട് ജില്ലയുടെ കളക്ടറായി എത്തിയതിൽ വ്യക്തിപരമായി സന്തോഷമുണ്ട്. എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുള്ളതു കൊണ്ടുതന്നെ ജില്ലയെ കൂടുതൽ മനസിലാക്കി ഇടപെടലുകൾ ആവശ്യമുള്ള മേഖലകൾ ഉണ്ടെങ്കിൽ പ്രാധാന്യം നൽകി പ്രവർത്തിക്കുമെന്നും കളക്ടർ പറഞ്ഞു. സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുൻ കളക്ടർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകുമെന്നും അവർ പറഞ്ഞു. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ സന്തോഷത്തോടെ, പുഞ്ചിരിയോടെ മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടു പോകുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണവും ഉണ്ടാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
2014 ൽ ഐഎഎസ് ലഭിച്ച ഡോ. എസ്. ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. മുൻപ് കേരള ഹെൽത്ത് സർവീസ് അസിസ്റ്റന്റ് സർജൻ, കൊല്ലം അസിസ്റ്റന്റ് കളക്ടർ, സബ് കളക്ടർ, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ, ലേബർ കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കളക്ടറായി നിയമിതയാകുന്നത്.