കിഴക്കഞ്ചേരി കോരഞ്ചിറയിലും മംഗലംഡാം പൂതംകോടും തീപിടിത്തം
1274050
Saturday, March 4, 2023 12:47 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കോരഞ്ചിറയിലും മംഗലംഡാം പൂതംകോടും തീപിടുത്തം. മംഗലംഡാം പൂതംകോട് മേക്കാടൻ വർഗീസിന്റെ തെങ്ങിൻ തോട്ടത്തിലാണ് തീ പിടിച്ചത്. ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തോട്ടത്തിലേക്ക് തീ ആളി പടരുകയായിരുന്നു. മൂന്ന് ഏക്കറോളം തോട്ടം ഇവിടെ കത്തി നശിച്ചു.
ഉയരകുറവുള്ള തെങ്ങുകളിലേക്കും തീ പടർന്നു. ഉണങ്ങിയ പുല്ലുകളും മറ്റുമായി കാടുമൂടിയ നിലയിലായിരുന്നു തോട്ടം. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. വടക്കഞ്ചേരി ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് തീയണച്ചത്. കോരഞ്ചിറയിൽ പൊക്കലത്തേക്കുള്ള റോഡിന്റെ വശങ്ങളിലെ പറന്പുകളിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. തെങ്ങുകളും പനയും വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളും അഗ്നിക്കിരയായി. കൂടുതൽ പ്രദേശത്തേക്ക് തീ പടരും മുന്പേ നാട്ടുകാരും വടക്കഞ്ചേരി ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രിച്ചതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടർന്ന് വലിയ നഷ്ടം ഉണ്ടാകുന്നത് ഒഴിവായി. ചൂടും കാറ്റും ശക്തിപ്പെടുന്നതിനാൽ തീ കൈകാര്യം ചെയ്യുന്നവർ വളരെ ശ്രദ്ധ വേണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകി.