പട്ടാന്പി നഗരസഭയിൽ ബജറ്റവതരിപ്പിച്ചു
1279829
Wednesday, March 22, 2023 12:47 AM IST
ഷൊർണൂർ: പട്ടാന്പി നഗരസഭയിൽ ബജറ്റവതരിപ്പിച്ചു. 76, 29,99,656 രൂപ വരവും 72,41,24,921 രൂപ ചെലവും 3,88,74,735 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് നഗരസഭ ഉപാധ്യക്ഷൻ ടി.പി.ഷാജി അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്കൃത ആചാര്യനും പട്ടാന്പി ഗവ.സംസ്കൃത കോളജ് സ്ഥാപകനുമായ പുന്നശേരി നീലകണ്ഠ ശർമയുടെ സ്മരണ നിലനിർത്താൻ കോളജ് അങ്കണത്തിൽ പുന്നശേരി നീലകണ്ഠ ശർമയുടെ പ്രതിമ നിർമിക്കാൻ 5,00,000 രൂപയും പട്ടാന്പിയുടെ ജനപ്രതിനിധിയും മുഖ്യമന്ത്രിയായിരുന്ന ഇ.എം.ശങ്കരൻ നന്പൂതിരിപ്പാടിന്റെ സ്മരണ നിലനിർത്താൻ ഇഎംഎസ് സാംസ്കാരികനിലയം നിർമാണത്തിന് 50 ലക്ഷം രൂപയും ബജറ്റിലുണ്ട്. പട്ടാന്പി നഗരത്തിലേക്കുളള പ്രവേശന കവാടങ്ങൾ എൽഇഡി വാൾ സൗകര്യത്തോടെ 50,00,000 രൂപ ചെലവിൽ നിർമിക്കും. നഗരസഭ സെക്രട്ടറി ബെസി സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വിജയകുമാർ, എൻ.രാജൻ, പി.കെ. കവിത, പി.ആനന്ദവല്ലി, നഗരസഭ കൗണ്‍സിലർമാരായ സി.എ.സാജിത്, കെ.ആർ.നാരായണ സ്വാമി, എ.സുരേഷ്, സി.സംഗീത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.