വീട് കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ച പ്രതികളെ പിടികൂടി
1281187
Sunday, March 26, 2023 6:49 AM IST
പുതുപ്പരിയാരം: വീട് കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ച പ്രതികളെ ഹേമാംബിക നഗർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പുതുപ്പരിയാരം വേലങ്ങാട് സ്വദേശികളായ ബൈജു (26), സുനിൽ (26), ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേലേ മുരളി സുശാന്ത് (26) എന്നിവരെയാണ് പിടികൂടിയത്. പുതുപ്പരിയാരം വേലൻകാട് സജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. കൊടുങ്ങല്ലൂർ ഭരണിക്ക് സജിത വീടും പൂട്ടി പോയതായിരുന്നു. ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ അലമാര കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചതായി കണ്ടെത്തിയത്.
തെളിവുകൾ നശിപ്പിക്കാൻ മുളക് പൊടി വിതറിയതിന് പുറമെ കുത്തിതുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്്. നഷ്ടപ്പെട്ട സ്വർണവും പണവും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഹേമാംബിക നഗർ സബ് ഇൻസ്പെക്ടർ വി.ആർ. റെനീഷിന്റെ നതൃത്വത്തിൽ എസ്ഐ കെ.ജി. ജയനാരായണൻ, ജിഎസ്സിപിഒ മാരായ എ. നവോജ്, കെ.പി. രാജേഷ് ഖന്ന, ജി. പ്രസാദ്, സിപിഒ സി.എൻ ബിജു, കെ.എം. വിനോദ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്.