സന്പൂർണ ശുചിത്വത്തിന് മുൻഗണന നൽകി ഷൊർണൂർ നഗരസഭ ബജറ്റ്
1281745
Tuesday, March 28, 2023 12:38 AM IST
ഷൊർണൂർ: അന്തരീക്ഷ മലിനീകരണം തടയാൻ മിയാവാക്കി വനനിർമാണമടക്കം സന്പൂർണ ശുചിത്വത്തിന് മുൻഗണന നൽകി നഗരസഭ ബജറ്റ്. 67.78 കോടി രൂപ വരവും 67.60 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ഉറവിട മാലിന്യ നിർമാർജനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ജി ബിൻ പദ്ധതിയും, എല്ലാ വാർഡുകളിലും ശുചീകരണത്തിന് പ്രത്യേക പദ്ധതിയും ഉൾക്കൊള്ളിച്ചാണ് നഗരത്തിന്റെ ബജറ്റ് തയാറാക്കിയിട്ടുള്ളത്. നഗരസഭ ഓഫീസിന് മുൻവശവും കൊച്ചിൻ പാലത്തിനു സമീപവും ടൗണ്ഹാളിന് സമീപത്തും ടേക് എ ബ്രേക്ക് സമുച്ചയങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്.
സാനിറ്ററി നാക്പിൻ, ഡയപ്പർ എന്നിവ സംസ്കരിക്കാനായി 60 ലക്ഷം രൂപ ചിലവിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനും നഗര ബജറ്റിൽ പദ്ധതിയുണ്ട്. അന്തരീക്ഷ മലിനീകരണം തടയാൻ മിയാവാക്കി വനങ്ങൾ, കാർബണ് ന്യൂട്രൽ എന്നിവയ്ക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ ടൗണ്ഹാളിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ്, ഷൊർണൂർ, കുളപ്പുള്ളി ബസ് സ്റ്റാൻഡുകളുടെ നവീകരണവും കെട്ടിട നിർമാണവും ഷൊർണൂർ ബസ് സ്റ്റാൻഡിൽ ഓപ്പണ് ഓഡിറ്റോറിയവും പദ്ധതിയിലുണ്ട.് കൂടാതെ ഷൊർണൂരിൽ നിലവിലുള്ള ശ്മശാനം വാതക ശ്മശാനമാക്കി മാറ്റുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.